സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം നാളെ

ബുധനാഴ്ച പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ്
മാന്നാർ
സിപിഐ എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസിന് നിർമിച്ച കെട്ടിടം ബുധൻ പകൽ മൂന്നിന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഏരിയ കമ്മിറ്റി ഓഫീസിന് ബഹുജനങ്ങളുടെയും പാർടി അംഗങ്ങളുടെയും അകമഴിഞ്ഞ സഹായത്താലാണ് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനായത്.
മധ്യ തിരുവിതാംകൂറിൽ പാർടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ കെ കെ ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ സ്‌മാരകമായി പാർടി ഓഫീസിനോട് ചേർന്നുള്ള കോൺഫറൻസ് ഹാൾ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. മാന്നാറിലെ സിപിഐ എമ്മിന്റെ ആദ്യകാല പ്രവർത്തകരെ കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ആദരിക്കും. ഓഫീസിനോട് ചേർന്ന് പൊതുജനങ്ങൾക്കായി നിർമിച്ചിട്ടുള്ള പബ്ലിക് ലൈബ്രറി ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ, വർക്കിങ് ചെയർമാൻ പി വിശ്വംഭരപണിക്കർ, കൺവീനർ പി എൻ ശെൽവരാജൻ, കെ പി പ്രദീപ്, സുരേഷ് മത്തായി, ആർ സഞ്‌ജീവന്‍, കെ എം അശോകൻ, കെ നാരായണപിള്ള എന്നിവർ പങ്കെടുത്തു.









0 comments