രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് ധാരണപത്രമായി


സ്വന്തം ലേഖകൻ
Published on May 25, 2025, 04:16 AM | 1 min read
തിരുവനന്തപുരം :പഠനമികവുള്ള വിദ്യാർഥികൾക്ക് രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് നൽകുന്നു. ഹയർ സെക്കൻഡറി, ഡിഗ്രി, പിജി തലങ്ങളിലുള്ള 1500 വിദ്യാർഥികൾക്കാണ് ലഭിക്കുക. ഹയർസെക്കൻഡറി തലത്തിൽ 1100 പേർക്ക് 50,000 രൂപയുടേയും ബിരുദതലത്തിൽ ലക്ഷം രൂപ വീതം 200 പേർക്കും ബിരുദാനന്തര ബിരുദ തലത്തിൽ ഒന്നേകാൽ ല ക്ഷം രൂപ വീതം 200 വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പ്. ഓരോ വിഭാഗത്തിലും 20 ശതമാനം പ്രവാസി കേരളീയരുടെ മക്കൾക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കുമാണ്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. പദ്ധതിയുടെ ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു.
നോർക്ക റൂട്ട്സ് ഡയറക്ടർ ഡോ. ബി രവി പിള്ളയും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും ധാരണപത്രം കൈമാറി. ജൂലൈമുതൽ ഇൻഫർമേഷൻ കേരള മിഷന്റെ സഹകരണത്തോടെ തയ്യാറാക്കുന്ന സ്‌കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. സെപ്‌തംബറിൽ വിതരണംചെയ്യും. ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നൽകിയ സ്വീകരണച്ചടങ്ങിലാണ് 50 വർഷത്തേക്ക് സ്‌കോളർഷിപ്പ് നൽകാൻ 525 കോടി രൂപ നീക്കിവച്ചതായി രവി പിള്ള അറിയിച്ചത്. പ്രതിവർഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.










0 comments