ad
Deshabhimani

അതിസാമര്‍ത്ഥ്യം വേണ്ട, ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചാലും പിടിവീഴും; മുന്നറിയിപ്പുമായി എംവിഡി

MVD

മോട്ടോര്‍ വാഹന വകുപ്പ്

വെബ് ഡെസ്ക്

Published on Mar 11, 2026, 02:47 PM | 1 min read

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച് കൊണ്ടാണ് എംവിഡിയുടെ മുന്നറിയിപ്പ്. വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട്, ഹെല്‍മറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രവും എംവിഡി പങ്കുവെച്ചു.


കൈകളില്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമല്ല, ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണക്ട് ചെയ്ത് ഫോണ്‍ ചെയ്യുന്നതും നിയമലംഘനമാണെന്ന് കുറിപ്പില്‍ പറയുന്നു. ഇത്തരം പ്രവൃത്തികളിലൂടെ ആരും സമര്‍ത്ഥരാണെന്ന് കരുതരുതെന്നും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്നും എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍ വാഹനത്തിന്‍റെ നിയന്ത്രണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും എംവിഡി ഓര്‍മിപ്പിച്ചു.


എംവിഡി പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം,

സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന "സമർത്ഥ"രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!

ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home