ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബി കുര്യക്കോസ് അറസ്റ്റിൽ. ഭാര്യ മരിക്കുന്നതിൻറെ തലേ ദിവസം വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമാനൂർ പൊലീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നോബിയുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. വാട്ട്സാപ്പ് സന്ദേശം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സംബവത്തിൽ നോബിയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബന്ധുക്കളുടേയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. നോബി ലൂക്കോസും ഷൈനിയും നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് താമസം. നോബി വിദേശത്തായിരുന്നു. കോടതിയിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.
ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസിൽ അറിയിച്ചത്. നഴ്‌സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ എറണാകുളം ഡോൺ ബോസ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.










0 comments