ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനിയും മക്കളായ അലീനയും ഇവാനയും റെയില്‍വേ ട്രാക്കിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.40 ഓടെയായിരുന്നു ഇവർ വീട്ടിൽ നിന്നും ഇറങ്ങിയത്. 101 കവലയിൽ ഷൈനിയുടെ വീടിന് സമീപത്തെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അതേസമയം,ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അമ്മയുടെയും പെണ്‍മക്കളുടേയും ആത്മഹത്യയിലേക്ക് നയിച്ചത് നോബിയുടെ പ്രകോപനമെന്ന് നിഗമനം. ഷൈനി മരിക്കുന്നതിന് തലേ ദിവസം നോബി ഫോണില്‍ വിളിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്.
വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി പറഞ്ഞിരുന്നു. സ്ത്രീധനമായി നല്‍കിയ പണവും സ്വര്‍ണവും തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. നോബിക്കെതിരെ ഗാര്‍ഹിക പീഡന കേസ് ഉൾപ്പെടെ ചാർജ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസിൽ അറിയിച്ചത്. നഴ്‌സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ എറണാകുളം ഡോൺ ബോസ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.










0 comments