Deshabhimani

എസ്‌ഡിപിഐ സദാചാരഗുണ്ടാ ആക്രമണം ; യുവതിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേകസംഘം

Moral Policing at sdpi office
വെബ് ഡെസ്ക്

Published on Jun 21, 2025, 12:46 AM | 1 min read



കണ്ണൂർ

കായലോട് എസ്‌ഡിപിഐ സദാചാരഗുണ്ടാ ആക്രമണത്തെ തുടർന്ന്‌ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. തലശേരി എഎസ്‌പി പി ബി കിരണിന്റെ നേതൃത്വത്തിലാകും അന്വേഷണം. മൂന്ന്‌ എസ്ഡിപിഐക്കാർ റിമാൻഡിലാണ്. ആത്മഹത്യക്കുറിപ്പടക്കം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് പറഞ്ഞു.


ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യചെയ്‌തത്‌. എസ്‌ഡിപിഐക്കാരായ കായലോട് പറമ്പായിയിലെ എം സി മൻസിലിൽ വി സി മുബഷീർ, കണിയാന്റെവളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്നാസ് എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഞായറാഴ്‌ച യുവതിയും മയ്യിൽ സ്വദേശിയായ സുഹൃത്തും സംസാരിക്കുന്നതിനിടെയാണ് എസ്ഡിപിഐക്കാർ ആക്രമണം നടത്തിയത്. അഞ്ചംഗസംഘം യുവതിയെ അപമാനിക്കുകയും യുവാവിനെ മർദിക്കുകയുമായിരുന്നു. സമീപത്തെ ഗ്രൗണ്ടിലെത്തിച്ചും അപമാനിച്ചു. യുവാവിന്റെ മൊബൈൽഫോണും ടാബും കൈക്കലാക്കി.


എസ്‌ഡിപിഐയുടെ ഓഫീസിലെത്തിച്ചശേഷം യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി. രാത്രി വൈകിയാണ്‌ യുവാവിനെ വിട്ടയച്ചത്‌. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്‌. അറസ്‌റ്റിലായവരിൽനിന്ന്‌ യുവാവിന്റെ ഫോണും ടാബും കണ്ടെടുത്തു.


സംഭവം നടക്കുമ്പോൾ അവിടെയെത്തിയതായി സംശയിക്കുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ കൂടുതൽ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. എസ്‌ഡിപിഐ ഓഫീസിൽ യുവാവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നിട്ടുണ്ട്‌. യുവാവ്‌ ഒളിവിലാണ്‌. ഇയാളുടെ മൊഴിയെടുക്കുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home