print edition മൂഴിയാർ ഡാം; മുന്നറിയിപ്പ് വൈകിയത് മണിക്കൂറുകൾ

സ്വന്തം ലേഖിക
Published on Aug 03, 2026, 01:59 AM | 1 min read
പത്തനംതിട്ട : മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നുവെന്ന് വ്യക്തമായിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകാതെ നാടിനെ വെള്ളത്തിലാക്കിയത് സർക്കാർ സംവിധാനങ്ങൾ. വെള്ളി രാത്രി എട്ടിനുതന്നെ അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ടിൽ എത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വെള്ളി രാത്രി പത്തിന് പുറത്തുവിട്ട ജാഗ്രതാനിർദേശത്തിലുണ്ട്. എന്നാൽ ഇക്കാര്യം റവന്യൂ അധികൃതർ കൃത്യമായി തദ്ദേശഭരണ അധികൃതരെ അറിയിച്ചില്ല. ഇതുമൂലം മുന്നറിയിപ്പുകൾ ബാധിതമേഖലയിലുള്ളവരെ മുൻകൂട്ടി അറിയിക്കാനായില്ല.
മൂഴിയാർ ഡാമിൽ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. വെള്ളി രാത്രി എട്ടിന് ഇത് റെഡ് അലർട്ടായ 190 മീറ്ററിന് മുകളിലായിരുന്നു. 192.63 മീറ്ററായി ജലനിരപ്പ് ഉയർന്നാൽ ഏത് സമയത്തും ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്നുമായിരുന്നു നിർദേശം. ശനി പുലർച്ചെ 10 സെമീ ഉയരത്തിൽ ഡാമിന്റെ ഷട്ടർ തുറന്നതോടെ പമ്പയുടെ പോഷക നദിയായ കക്കാട്ട് ആറിൽ ജലനിരപ്പുയർന്നു. ഇത് പമ്പയിലെത്തിയതോടെ റാന്നി, വടശേരിക്കര മേഖലയാകെ മുങ്ങി.
അതിശക്തമായ മഴപെയ്‌ത പത്തനംതിട്ട ജില്ലയിൽ വെള്ളി രാത്രിവരെയും ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. ജലനിരപ്പുയരുമെന്ന് ഉറപ്പായിട്ടും അനൗൺസ്‌മെന്റ് നടത്താൻ നടപടി സ്വീകരിച്ചില്ല. അപകടസാധ്യത തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുന്നതിലും വീഴ്‌ചപറ്റി. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച്‌ബുക്ക് അനുസരിച്ച് നടപടികൾ ഏകോപിപ്പിച്ചില്ല.
നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന് ശനി രാവിലെ 10നുശേഷമാണ് അറിയിച്ചത്. നദികളിൽ ജലനിരപ്പ് ഉയരുന്നുവെന്ന് കേന്ദ്രജല കമീഷൻ വെള്ളിയാഴ്‌ച തന്നെ അറിയിച്ചിരുന്നതാണ്. ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ ജലനിരപ്പുയരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.










0 comments