print edition മൂരാട് പുതിയ റെയിൽവേ പാലം

ചരിത്രത്തിന്റെ ഭാഗമാകുന്ന ബ്രിട്ടീഷുകാരുടെ കാലത്ത് പണിത മൂരാട് റെയിൽവേ പാലം
വടകര: മലബാറിന്റെ റെയിൽ ഗതാഗത ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച മൂരാട് പുഴയ്ക്ക് കുറുകെയുള്ള ബ്രിട്ടീഷ് കാലത്തെ പഴയ റെയിൽവേ പാലം വിടപറയുന്നു. ഈ പാതയിൽ പുതുതായി നിർമിച്ച റെയിൽവേ പാലം കമീഷൻ ചെയ്തു. ഇതോടെ 1901 മുതൽ മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ആശ്രയമായിരുന്ന 125 വർഷത്തോളം പഴക്കമുള്ള ആദ്യപാലം പൂർണമായും വിശ്രമത്തിലേക്ക് മാറും.
2003-–04 വർഷത്തിൽ പുതിയ പാലത്തിനുള്ള അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലിലെ തടസ്സം കാരണം നിർമാണം നീണ്ടുപോവുകയായിരുന്നു. 2017-ലാണ് നിർമാണ നടപടി വേഗത്തിലാക്കി സ്ഥലം ഏറ്റെടുത്ത് പാത ഉറപ്പിച്ചത്. പഴയ പാലത്തിന്റെ ബലക്ഷയത്തെ തുടർന്ന് വർഷങ്ങളായി ഇതുവഴി 20 കിലോമീറ്റർ വേഗം കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്.
കരിങ്കല്ലിൽ അടിത്തറയും ആറ് സ്റ്റീൽ ഗർഡറുകളുമായാണ് പാലം നിർമിച്ചത്. 2001 വരെ കോഴിക്കോട് ഭാഗത്തേക്കും മംഗളൂരു ഭാഗത്തേക്കുമുള്ള എല്ലാ തീവണ്ടികളും സഞ്ചരിച്ചത് ഇതുവഴിയാണ്.
2001-ൽ ഇരട്ടപ്പാത വന്നതോടെ ഈ പാലത്തിലൂടെ മംഗളൂരു ഭാഗത്തേക്ക് മാത്രമാണ് ട്രെയിൻ ഓടിയത്. സെപ്‌തംബർ 30ഓടെ ഇത് വഴിയുള്ള ഓട്ടം പൂർണമായും നിലക്കും.
ഇതോടെ റെയിൽപ്പാളം ചരിത്രത്തിന്റെ ഭാഗമാവും. പുതിയ റെയിൽപ്പാളം കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.










0 comments