കേരളത്തിൽ കാലവർഷം നാളെയെത്തും

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം വ്യാഴാഴ്‌ച മുതൽ സജീവമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സംസ്ഥാനവ്യാപകമായി ഏഴുമുതൽ 20 സെന്റീമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. തിങ്കൾവരെ ശക്തമായ മഴയുണ്ടാകും.
കേരളത്തിന് പുറമേ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ശനിവരെ ശക്തമായ ഇടിമിന്നലുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, തീരദേശ ആന്ധ്ര, റായലസീമ, വടക്കൻ കർണാടക എന്നിവിടങ്ങളിൽ ശനിവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ, പശ്ചിമ, മധ്യ ഇന്ത്യയിലും കനത്ത മഴയും ഇടിമിന്നലോടുകൂടിയ കാറ്റും പ്രവചിച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണം.
മഴ കനക്കുമെന്ന പ്രവചനത്തെ തുടർന്ന് ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.










0 comments