പഞ്ചായത്ത് പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്: യൂത്ത് ലീഗ് നേതാവ് മുംബൈ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ടി പി ഹാരിസ്
മലപ്പുറം : ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി പി ഹാരിസ് മുംബൈ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ. ദുബായിൽ നിന്നും വിമാന മാർഗം എത്തിയ ഹാരിസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. മക്കരപറമ്പ് ഡിവിഷൻ അംഗമായ ഹാരിസിന് പണം നല്‍കിയെന്നും ഇതുവരെ തിരിച്ചുകിട്ടിയില്ലെന്നും കാട്ടി ആറുപേരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. 25 കോടി രൂപയിലധികം ടി പി ഹാരിസ് പലരില്‍നിന്നായി തട്ടിയെടുത്തതായാണ് പരാതി.
ഇരുന്നൂറിലധികം ആളുകള്‍ പറ്റിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ പണം മുടക്കിയാൽ ലക്ഷങ്ങൾ ലാഭവിഹിതം വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ് നടന്നത്. ലീഗ് നേതാക്കൾ ഉൾപ്പെട്ട വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. ലീഗ് അനുഭാവികളാണ് പണം നഷ്ടപ്പെട്ടവരില്‍ കൂടുതലും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മുച്ചക്രവാഹന വിതരണം, ജില്ലാ പഞ്ചായത്തിനുകീഴിലെ ആശുപത്രികളിൽ ശസ്‌ത്രക്രിയ ഉപകരണ വിതരണം, ഡയാലിസിസ് യൂണിറ്റുകൾ ഒരുക്കൽ, സോളാർ പാനൽ സ്ഥാപിക്കൽ, വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം, നിർമാണ പ്രവൃത്തികൾ എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ലീഗ് നേതാക്കൾ ബിനാമി പേരിൽ കരാർ എടുത്ത ശേഷം പണം മുടക്കാൻ നിക്ഷേപകരെ സമീപിക്കും. പ്രവൃത്തി പൂർത്തിയായാൽ ലാഭത്തിന്റെ 50 ശതമാനം നിക്ഷേപകർക്ക് ലഭിക്കുമെന്നാണ് വാഗ്‌ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കളും ഇടനിലാക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം വീതിച്ചെടുക്കും. ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേഴ്‌സണൽ സ്‌റ്റാഫ് ജീവനക്കാരനും നേരിട്ടാണ് ഇവർ പണം കൈമാറിയത്. കഴിഞ്ഞ ഒരു വർഷമായി ലാഭവിഹിതം കിട്ടാതായതോടെയാണ് നിക്ഷേപകർ ലീഗ് നേതാക്കളെ സമീപിച്ചത്.
ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടന്നിട്ടും തീരുമാനമാകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പരാതി നല്‍കിയത്. ഹാരിസ് വിദേശത്തേക്ക് കടന്നതായാണ് വിവരം.








0 comments