‘മോനെ ആഞ്ചലോ..’ മമ്മൂട്ടി വിളിച്ചു, ആഞ്ചലോ ആദ്യമായി കേട്ടു; കാതോട് കാതോരം ശസ്ത്രക്രിയ വിജയകരം

കോക്ലിയർ ഇംപ്ലാന്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചശേഷം ആഞ്ചലോയെ നടൻ മമ്മൂട്ടിയുടെ ആശംസ സന്ദേശം കേൾപ്പിച്ചപ്പോൾ
കൊച്ചി: ‘‘മോനെ ആഞ്ചലോ, ഞാൻ മമ്മൂട്ടിയാണ്. നന്നായി പഠിക്കണം, മിടുക്കനായി വളരണം...’’ ഇത്രയുംകാലം നിശ്ശബ്ദമായിരുന്ന കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തി. ആദ്യമായി കേൾവിയനുഭവം തിരിച്ചറിഞ്ഞ ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പ്. നാലുവയസ്സുകാരൻ ആഞ്ചലോ ജീവിതത്തിലാദ്യമായി കേട്ട മനുഷ്യശബ്ദം നടൻ മമ്മൂട്ടിയുടേതായി. ഇടുക്കി ചെമ്മണ്ണാർ സ്വദേശികളായ ജെയ്‌സൺ– ആൻഷ ദമ്പതികളുടെ മകനായ ആഞ്ചലോയ്ക്ക് ജനനം മുതൽ കേൾവിയില്ലായിരുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പാക്കുന്ന ‘കാതോട് കാതോരം' പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയാണ് ആഞ്ചലോയ്ക്ക് ശബ്‌ദലോകം തുറന്നത്.
12 ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയയും അനുബന്ധ ഉപകരണങ്ങളും പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം നടന്ന സ്വിച്ച് ഓൺ കർമത്തിൽ മമ്മൂട്ടി ഫോണിലൂടെ സംസാരിച്ചാണ് ആഞ്ചലോയെ ശബ്ദങ്ങളുടെ ലോകത്തേക്ക് വരവേറ്റത്. രാജഗിരി ആശുപത്രി ഇഎൻടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
വരുംനാളുകളിൽ സ്പീച്ച് തെറാപ്പിയിലൂടെ ആഞ്ചലോ സംസാരിക്കാനും പഠിക്കും.










0 comments