വള്ളസദ്യ
ആറന്മുള ക്ഷേത്രപരിസരത്ത് ഗതാഗത നിയന്ത്രണം

പത്തനംതിട്ട
ആറന്മുള വള്ളസദ്യയുടെയും വള്ളംകളിയുടെയും സുഗമ നടത്തിപ്പിന് ഞായർ മുതൽ വള്ളസദ്യ അവസാനിക്കുംവരെ ക്ഷേത്രപരിസരത്തും സമീപ പ്രദേശത്തും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ വടക്കുവശം റോഡ്, തെക്കുവശം റോഡ്, പടിഞ്ഞാറുവശം റോഡ്, പടിഞ്ഞാറുവശം പടിക്കെട്ടിനുസമീപമുള്ള സ്ഥലം എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പാടില്ല. ഈ വശങ്ങളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ അവരവരുടെ വീടുകളിൽ തന്നെ പാർക്ക് ചെയ്‌ത് പൊലീസ് സ്‌റ്റേഷനിൽനിന്നും എൻട്രി പാസ് കൈപ്പറ്റേണ്ടതുമാണ്.
ക്ഷേത്രദർശനത്തിനും മറ്റും വാഹനങ്ങളിലെത്തുന്നവർ തറയിൽമുക്ക് വഴി പ്രവേശിച്ച് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ബ്ലോക്കിങ് പോയിന്റിൽ ആളെയിറക്കിയശേഷം പൊലീസ് സ്‌റ്റേഷന്റെ സമീപത്തെ റോഡിലൂടെ പുറത്തുപോയി നിർദിഷ്‌ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ തറയിൽമുക്ക് വഴി പ്രവേശിച്ചശേഷം ബ്ലോക്കിങ് പോയിന്റിലെത്തി സമീപത്തെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതും ക്ഷേത്ര ദർശനത്തിനുശേഷം പൊലീസ് സ്‌റ്റേഷന് സമീപമുള്ള റോഡിലൂടെ പുറത്തേക്ക് പോകേണ്ടതുമാണ്. ബ്ലോക്കിങ് പോയിന്റ് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ മുന്നിൽ പ്രവേശിക്കുന്ന വാഹനങ്ങൾ ക്ഷേത്രത്തിൽ ആളെയിറക്കിയശേഷം തെക്കുവശത്തുള്ള റോഡിലൂടെ കാണിക്കവഞ്ചി വഴി പുറത്തുപോയി നിർദിഷ്‌ട സ്ഥലത്ത് പാർക്ക് ചെയ്യണം.
വള്ളസദ്യ നേർന്നിട്ടുള്ളവർക്ക് ഒരുവാഹനം ക്ഷേത്രനടയിലേക്ക് പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഇൗ വാഹനം ക്ഷേത്രത്തിന്റെ മുൻനടയിൽ ആളെയിറക്കിയശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് സത്രക്കടവിന് സമീപത്തായുള്ള പൊലീസ് ക്വാർട്ടേഴ്‌സ് ഗ്രാണ്ടിൽ പാർക്ക് ചെയ്യണം. തറയിൽമുക്ക് മുതൽ ബ്ലോക്കിങ് പോയിന്റ് വരെയും റോഡിന്റെ ഇരുവശത്തും പൊലീസ് സ്‌റ്റേഷന്റെ വശത്തെ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. കെഎസ്‌ആർടിസി വാഹനങ്ങൾ വഞ്ചിപ്പടിയിൽ ആളെയിറക്കിയശേഷം പൊന്നുംതോട്ടം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഈ ഗ്രൗണ്ടിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.










0 comments