ad
Deshabhimani

ജില്ലാ ലൈബ്രറി ക‍ൗൺസിലിന്‌ ഇനി സ്വന്തം ആസ്ഥാന മന്ദിരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2026, 03:00 AM | 2 min read

​കാഞ്ഞങ്ങാട്‌ ജില്ലാ ലൈബ്രറി ക‍ൗൺസിലിന്‌ സ്വന്തം ആസ്ഥാന മന്ദിരമായി. ഇതോടെ സ്വന്തമായി ആസ്ഥാന മന്ദിരമുള്ള സംസ്ഥാനെത്തെ എട്ടാമത്തെ ജില്ലയായി കാസർകോട്‌ മാറി. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകൾക്കാണ്‌ നിലവിൽ സ്വന്തം ആസ്ഥാന മന്ദിരമുള്ളത്‌. ജില്ലയിലെ നാല് താലൂക്ക്‌ ലൈബ്രറി ക‍ൗൺസിലുകളിൽ വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാന മന്ദിരവും നിർമിച്ചു. മഞ്ചേശ്വരത്ത്‌ കെട്ടിട നിർമാണം ആലോചനയിലാണ്. അലാമിപ്പള്ളി തെരുവത്തെ വാടകകെട്ടിടത്തിലും തുടർന്ന്‌ കോട്ടച്ചേരി നഗരസഭാ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ വാടകകെട്ടിടത്തിലുമാണ്‌ ജില്ലാ ആസ്ഥാനവും ഹൊസ്‌ദുർഗ്‌ താലൂക്ക്‌ ആസ്ഥാനവും പ്രവർത്തിച്ചത്‌. 11 വർഷത്തെ പരിശ്രമത്തിനൊടുവിലാണ്‌ സ്വന്തമായി ഓഫീസ്‌ ഒരുങ്ങിയത്‌. അഡ്വ. പി അപ്പുക്കുട്ടൻ പി വി കെ പനയാൽ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ജില്ലാ ക‍ൗൺസിലിന്റെകാലത്ത്‌ നൽകിയ അപേക്ഷയിൽ 2022ലാണ്‌ മേലാങ്കോട്ട്‌ സർക്കാർ ലീസിനു അനുവദിച്ച അഞ്ചു സെന്റ്‌ ഭൂമി ലഭിച്ചത്‌. ഇതിന്റെ നടപടിക്രമം പൂർത്തിയാക്കി 2024ൽ കെ വി കുഞ്ഞിരാമൻ പ്രസിഡന്റും ഡോ. പി പ്രഭാകരൻ സെക്രട്ടറിയുമായ ക‍ൗൺസിലിന്റെ കാലത്ത്‌ കല്ലിട്ടു. 92.20 ലക്ഷം ര‍ൂപയുടെ എസ്‌റ്റിമേറ്റിലാണ്‌ പ്രവൃത്തി തുടങ്ങിയത്‌. കാസർകോട്‌ ഉദയഗിരിയിൽ നാല്‌ കോടി രൂപ ചിലവിൽ നിർമിച്ച കെട്ടിടത്തിൽ ലൈബ്രേറിയന്മാർക്ക്‌ പരിശീലനം നൽകുന്ന ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രവർത്തിക്കുന്നുണ്ട്‌. ഇ‍ൗ കെട്ടിടത്തിൽ കാസർകോട്‌ താലൂക്ക്‌ ലൈബ്രറി ക‍ൗൺസിൽ ഓഫീസും പ്രവർത്തിക്കുന്നു. അഡ്വ. പി അപ്പുക്കുട്ടൻ പ്രസിഡന്റും കെ വി ചെറിയന്പു സെക്രട്ടറിയുമായാണ്‌ ആദ്യ ജില്ലാ ലൈബ്രറി ക‍ൗൺസിൽ വന്നത്‌. നിലവിൽ ജില്ലയിൽ ആകെ 532 അംഗീകൃത ഗ്രന്ഥശാലകളുണ്ട്.


ഉദ്ഘാടനം നാളെ

കാഞ്ഞങ്ങാട് ജില്ല ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം തിങ്കൾ പകൽ രണ്ടിന്‌ മേലാങ്കോട്ട് മന്ത്രി റോജി എം ജോൺ ഉദ്ഘാടനംചെയ്യും. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസ് സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനംചെയ്യും. വിദ്വാൻ കെ കെ നായരുടെ സ്മരണാർത്ഥം നിർമിച്ച താലൂക്ക് ലൈബ്രറി സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് ഉദ്‌ഘാടനംചെയ്യും. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ അധ്യക്ഷനാവും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാവും. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ വി വി രമേശൻ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ്‌ അംഗം പി വി കെ പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, പ്രസിഡന്റ്‌ പി ദിലീപ്കുമാർ, അഡ്വ. പി അപ്പുക്കുട്ടൻ, പി വേണുഗോപാലൻ, സുനിൽ പട്ടേന, എ എം ഫസലു റഹ്‌മാൻ, പപ്പൻ കുട്ടമത്ത്, സുനീഷ് കക്കാട്ടി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home