കൊടക്കാടിന്റെ അക്ഷരവെട്ടം

കൊടക്കാട് "വായന മരിക്കുന്നു, യുവതലമുറ ഗ്രന്ഥശാലകളിൽ എത്തുന്നില്ല" എന്ന ആശങ്ക ശക്തമാകുന്ന കാലത്ത് വായനയുടെ വെട്ടം കെടാതെ പുതുതലമുറയിലേക്ക് പകരാൻ ഇവിടെയുണ്ട് കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം. പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഒരിടം എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക ജാഗ്രതയും മാനവിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ജനകീയ വിജ്ഞാനകേന്ദ്രമായി ഈ ഗ്രന്ഥാലയം വളർന്നുകഴിഞ്ഞു. 1952-ലാണ് ഗ്രന്ഥാലയം സ്ഥാപിച്ചത്. കൊടക്കാട്ടെ പ്രമുഖ വിഷ വൈദ്യനും സാമൂഹിക -സാംസ്കാരിക പ്രവർത്തകനുമായ ആലക്കാടൻ നാരായണന്റെ സ്മരണാർത്ഥമാണ് "നാരായണ സ്മാരക ഗ്രന്ഥാലയം’ എന്ന പേര് നൽകിയത്. ഡോ. എ എൻ കൊടക്കാട് സെക്രട്ടറിയും കുടുക്കേൻ നാരായണൻ മാസ്റ്റർ പ്രസിഡന്റുമായ നേതൃത്വമാണ് ഗ്രന്ഥാലയത്തിന് അടിത്തറ പാകിയത്. 17,500 -ലധികം പുസ്തകങ്ങളും 414 അംഗങ്ങളുമുള്ള ജില്ലയിലെ എ -പ്ലസ് ഗ്രന്ഥാലയങ്ങളിലൊന്നാണ് ഇത്. ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള ബാലബോധിനി പുരസ്കാരവും മികച്ച ഹ്രസ്വ ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരം ഗ്രന്ഥാലയത്തെ തേടിയെത്തി. സജീവമായ യുവജനവേദിയും കായികവിഭാഗവും ഗ്രന്ഥാലയത്തിന്റെ അഭിമാനമാണ്. സ്വന്തമായി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയവും ജിംനേഷ്യവും ഗ്രന്ഥാലയത്തിനുണ്ട്. ജില്ലാ തലത്തിൽ ഉൾപ്പെടെ നിരവധി കായിക മത്സരങ്ങൾ ഗ്രന്ഥശാല സംഘടിപ്പിച്ചു. അക്ഷരസേന നേതൃത്വത്തിൽ സാന്ത്വന പരിചരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ഡോ. എ എൻ കൊടക്കാടിന്റെ സ്മരണാർഥം എൻഡോവ്മെന്റും നൽകിവരുന്നു. പുസ്തകചർച്ച, കലാപരിശീലനം, കരകൗശല നിർമാണം, സോപ്പ്, ഡിറ്റർജന്റ്, കുട നിർമാണ പരിശീലനങ്ങൾ, ശുചീകരണം എന്നിവയും ഗ്രന്ഥാലയം ഏറ്റെടുത്ത് നടത്തുന്നു. കുട്ടികൾക്കായി കലാപരിശീലനവും സംഘടിപ്പിക്കുന്നു. പ്രകൃതിപഠനം, പക്ഷിനിരീക്ഷണ യാത്ര, വായനക്കളരി, വായനവെളിച്ചം പ്രവർത്തനം, റീഡിങ് തിയറ്റർ അവതരണം, ഭാഷാകേളി ശ്രദ്ധേയ പരിപാടികളാണ്. എം വി ചന്ദ്രഭാനു പ്രസിഡന്റും കെ ടി വി നാരായണൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.











0 comments