ad
Deshabhimani

ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന്‌ തുടക്കം

Photo

ആറന്മുള വള്ളസദ്യക്ക് അടുപ്പിൽ മുതിർന്ന പാചകക്കാരൻ ഗോപാലകൃഷ്ണൻ നായർ അഗ്നി പകരുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:05 AM | 1 min read

​കോഴഞ്ചേരി

​ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഞായറാഴ്‌ച തുടക്കമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 56 ദിവസം നീളുന്ന വഴിപാട് വള്ളസദ്യയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം ഒരുങ്ങി. വള്ളസദ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ഉച്ചപൂജക്കുശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് മേൽശാന്തി പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൊടിമരച്ചുവട്ടിൽ ദീപം കൈമാറും. തുടർന്ന് ആനക്കൊട്ടിലിൽ ദീപം കൊളുത്തി ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ സദ്യക്ക് തുടക്കമാകും. പിന്നീട് സദ്യാലയങ്ങളിൽ വിഭവങ്ങൾ വിളമ്പി വള്ളസദ്യ ആരംഭിക്കും. ആദ്യദിവസം കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറികിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പത്ത്‌ പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കും.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന വള്ളസദ്യക്ക് ഇതിനകം അഞ്ഞൂറിലധികം വള്ളസദ്യ ബുക്ക് ചെയ്‌തതായി പള്ളിയോട സേവാസംഘം അറിയിച്ചു.

ശനി രാവിലെ വള്ളസദ്യക്കുള്ള പാചകപുരയിൽ അഗ്നിപകർന്നു. രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രം മേൽശാന്തി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവന് കൊടിമരച്ചുവട്ടിൽ കൈമാറി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കിൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ദീപം പകർന്നു. തുടർന്ന് മുതിർന്ന പാചകക്കാരൻ ഗോപാലകൃഷ്ണൻ നായർ അടുപ്പിൽ അഗ്നി തെളിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home