ഉർവശി സഹനടിക്കും വിജയരാഘവൻ സഹനടനുമുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ; തിളങ്ങി മലയാളം

ഡല്‍ഹി വിജ്ഞാൻഭവനിൽ ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനിടെ മോഹന്‍ലാല്‍ മികച്ച നടനുള്ള പുരസ്കാരം വാങ്ങാനെത്തിയ ഷാരൂഖ് ഖാനെ ആശ്ലേഷിക്കുന്നു. റാണി മുഖര്‍ജി (മികച്ച നടി) സമീപം
ന്യൂഡൽഹി
71–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിൽ മലയാളിത്തിളക്കം. മലയാളികളുടെ അഭിമാനമായ മോഹൻലാലിന് ദാദാസാഹേബ് ഫാൽകെ പുരസ്‌കാരം സമര്‍പ്പിച്ച ചടങ്ങില്‍, ഉർവശി മികച്ച സഹനടിക്കും വിജയരാഘവൻ മികച്ച സഹനടനുമുള്ള പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച മലയാളചിത്രം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി, ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടിയ മിഥുൻമുരളി, നോൺ–ഫീച്ചർ വിഭാഗത്തിൽ പ്രത്യേകപരാമർശത്തിന് അർഹനായ എം കെ രാംദാസ്, ‘അനിമൽ’ എന്ന ഹിന്ദി സിനിമയിലൂടെ റീ–റെക്കോഡിങ്ങ് മിക്‌സിങ്ങിന് പ്രത്യേകപരാമർശം നേടിയ എം ആർ രാജകൃഷ്‌ണൻ എന്നിവരും പുരസ്‌കാരങ്ങൾ സ്വീകരിച്ചു. ഷാറൂഖ് ഖാൻ, വിക്രാന്ത് മാസി (മികച്ച നടൻമാർ), റാണി മുഖർജി (മികച്ച നടി) തുടങ്ങിയ പ്രമുഖരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
ഫാൽകെ പുരസ്‌കാരം സ്വീകരിക്കാനെത്തിയ മോഹൻലാലായിരുന്നു ചടങ്ങിന്റെ മുഖ്യആകർഷണം. മോഹൻലാലിനെ സ്വാഗതംചെയ്‌ത വാർത്താ പ്രക്ഷേപണ സെക്രട്ടറി സഞ്‌ജയ് ജാജു അദ്ദേഹത്തെ ‘ലാലേട്ടൻ’ എന്നാണ് അഭിസംബോധന ചെയ്‌തത്. കേന്ദ്ര വാർത്താ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്‌ണവ് മോഹൻലാലിനോടുള്ള സ്‌നേഹവും ആരാധനയും മറച്ചുവെച്ചില്ല. ‘ ഇന്ന് ഏറ്റവും കൂടുതൽ കൈയടി കൊടുക്കേണ്ടത് മോഹൻലാൽജിക്കാണ്. ലാൽജീ നിങ്ങൾ അത്യുഗ്രൻ നടനാണ്. യഥാർഥ ഇതിഹാസം’ –വൈഷ്‌ണവ് പറഞ്ഞു.
മറുപടി പ്രസംഗത്തിൽ തന്റെ മുൻഗാമികളായ മഹാരഥൻമാർക്ക് പുരസ്‌കാരം സമർപ്പിക്കുന്നതായി പറഞ്ഞ മോഹൻലാൽ, കുമാരനാശാന്റെ ‘ചിതയിൽ ആഴ്‌ന്നുപോയതുമല്ലോ, ചിര മനോഹരമായ പൂവിത്...’– എന്ന വരികള്‍ ചൊല്ലി. ‘പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയുംചെയ്‌ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു. ഈ പുരസ്‌കാരം എന്നെ കൂടുതൽ കരുത്തും ഉത്തരവാദിത്തവുമുള്ളവനാക്കുകയാണ്. വർധിച്ച ആത്മവീര്യത്തോടെ സിനിമയ്‌ക്കൊപ്പമുള്ള എന്റെ യാത്ര തുടരും. കാരണം, എന്റെ ആത്മാവിന്റെ സ്‌പന്ദനമാണ് സിനിമ..’ മോഹന്‍ലാല്‍ പറഞ്ഞു.
കംപ്ലീറ്റ് ആക്‌ടറിന് ആശംസ: രാഷ്ട്രപതി
ഫാൽകെ പുരസ്‌കാരം നേടി ‘കംപ്ലീറ്റ് ആക്‌ടറായ’മോഹൻലാലിന് എല്ലാ ആശംസകളും നേരുന്നതായി രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഒരുവശത്ത് ‘വാനപ്രസ്ഥം’ പോലെയുള്ള ഗംഭീരസിനിമകളിൽ അഭിനയിച്ച് ലോകത്തെ വിസ്‌മയിപ്പിക്കുന്പോൾ മറുവശത്ത് ജനപ്രിയസിനിമകളിലൂടെ അദ്ദേഹം എല്ലാവരെയും രസിപ്പിക്കുന്നു. മഹാഭാരതത്തെ ആസ്‌പദമാക്കി ‘കർണഭാരം’ എന്ന സംസ്‌കൃതനാടകത്തിൽ അദ്ദേഹം അഭിനയിച്ച കാര്യം അറിഞ്ഞപ്പോൾ അത്‌ഭുതം തോന്നി. ഫാൽകെ അവാർഡ് ലഭിച്ചപ്പോൾ ജനലക്ഷങ്ങൾ ഉത്സവലഹരിയിലായെന്ന് അറിഞ്ഞു. അവരുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള വലിയസ്ഥാനമാണ് ഇതിലൂടെ വ്യക്തമായത്– രാഷ്‌ട്രപതി പറഞ്ഞു.










0 comments