മോഹൻലാലിന് ദാദാസാഹേബ് ഫാൽകെ അവാർഡ്
അഭിമാനത്തോടെ മലയാളസിനിമ ; അടൂരിനുശേഷം ഈ ബഹുമതി ലഭിക്കുന്ന മലയാളി

ന്യൂഡൽഹി
ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന്റെ മുഖശ്രീയായി മാറിയ പ്രിയനടൻ മോഹൻലാലിന് രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാൽകെ അവാർഡ്. ഐതിഹാസിക നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങിയ നിലകളിൽ ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ നിസ്‌തുല സംഭാവന കണക്കിലെടുത്താണ് 2023ലെ ഫാൽകെ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. മോഹൻലാലിന്റെ അതുല്യമായ ചലച്ചിത്ര യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും താരതമ്യങ്ങളില്ലാത്ത പ്രതിഭയും അഭിനയ വൈവിധ്യവും അശ്രാന്തപരിശ്രമവും ഇന്ത്യൻ സിനിമാചരിത്രത്തില്‍ സുവർണമാനദണ്ഡങ്ങൾ സൃഷ്‌ടിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. 23ന് 71–ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. 10 ലക്ഷം രൂപയും സ്വർണകമലവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.
‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽകെയോടുള്ള ആദരസൂചകമായി 1969 മുതലാണ് അവാർഡ് നൽകാൻ തുടങ്ങിയത്. 2004ൽ വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ അവാർഡിന് അർഹനായി.
കേരളത്തിന്റെ സംസ്‌കാരത്തിൽ ഉൽക്കടമായ അഭിനിവേശമുള്ള ലാൽ മലയാളസിനിമയെ നയിക്കുന്ന വെളിച്ചമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനകുറിപ്പിൽ പറഞ്ഞു.
പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ 1960 മെയ് 21ന് ജനിച്ച മോഹൻലാൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആദ്യ സിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സിൽ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി'(1980)ലെ വില്ലൻ വേഷത്തിലൂടെ വാണിജ്യസിനിമയുടെ അവിഭാജ്യഘടകമായി. പിന്നീടങ്ങോട്ട് നാലരദശകം നീണ്ട അഭിനയ ജീവിതത്തില്‍ നാനൂറിലേറെ ചിത്രങ്ങള്‍. അഞ്ച് ദേശീയ പുരസ്‌കാരം, ഒമ്പത് സംസ്ഥാന പുരസ്‌കാരം. മലയാളസിനിമയെ ഇരുനൂറ് കോടിക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മശ്രീയും പത്മഭൂഷനും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയൽ സേനയിൽ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസഡറാണ്.
‘ഏറെ ഉൾപ്പുളകത്തോടെ ഇൗ നിമിഷത്തെ ഏറ്റുവാങ്ങുന്നു’
‘48 വർഷത്തെ എന്റെ സിനിമാജീവിതത്തിൽ കിട്ടാവുന്ന വലിയ അംഗീകാരമാണെന്ന് മോഹൻലാൽ. ഏറെ ഉൾപുളകത്തോടെ ഇൗ നിമിഷത്തെ ഏറ്റുവാങ്ങുന്നു. ഇത് സാധ്യമാക്കിത്തന്ന, എന്റെകൂടെ സഞ്ചരിച്ചിരുന്ന, സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാൻ പോകുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. കുടുംബത്തോട്, സിനിമാകുടുംബത്തിനോട് നന്ദി പറയുന്നു. എന്നെ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരോടും നന്ദി പറയുന്നു.. അവാർഡ് വൈകിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "എല്ലാത്തിനും ഓരോ സമയമില്ലേ ദാസാ' എന്നായിരുന്നു മറുപടി.
ഹൃദയപൂർവം മലയാളം
47 വർഷം മുന്പ്, കൃത്യമായി പറഞ്ഞാൽ 1978 സെപ്തംബര്‍ നാല്. മുടവൻമുകളിൽവച്ച് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുകയാണ് മോഹൻലാൽ. സൈക്കിളിൽനിന്ന് മറിഞ്ഞു വീഴുന്നതായിരുന്നു സീൻ. നാൽപ്പത്തേഴ് വർഷത്തിനിപ്പുറം രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കേ അവാർഡുമായി മലയാളത്തിന്റെ മഹാനടൻ നാടിന്റെ അഭിമാനമാകുന്നു. അടൂർ ഗോപാലകൃഷ്‌ണനുശേഷം 21 വർഷംകഴിഞ്ഞ് ഫാൽക്കേ അവാർഡ് ലഭിക്കുന്ന മലയാളി.
‘ഭാരത് സിനി ഗ്രൂപ്പ്' എന്ന പേരില്‍ ലാലും സിനിമാപ്രേമികളായ കൂട്ടുകാരുംചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിൽ കുട്ടപ്പന്‍ എന്ന ഹാസ്യ കഥാപാത്രത്തെയാണ് ലാല്‍ അഭിനയജീവിതത്തിൽ ആദ്യം അവതരിപ്പിച്ചത്. അശോക് കുമാര്‍ ആയിരുന്നു സംവിധായകന്‍. പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല. ഫാസില്‍ ചിത്രമായ ‘മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ’ വെള്ളിത്തിരയിലെത്തിയ ലാൽ, നടന വിസ്‌മയമായി വളർന്നു.
‘‘കേരളത്തിലെ എല്ലാവരും സന്തോഷിക്കുന്നുണ്ടാകും’’– അവാർഡിനെക്കുറിച്ച് പ്രതികരണം തേടിയപ്പോൾ നടൻ മധു പറഞ്ഞു. ‘‘ലാലിനുള്ള അവാർഡ് മലയാളത്തിന് അവാർഡ് കിട്ടിയതിന് സമമാണ്. മലയാളത്തെ പ്രതിനിധീകരിച്ച് ഇൗ അവാർഡ് വാങ്ങിക്കാൻ എന്തുകൊണ്ടും അർഹൻ ലാലാണ്. കേരളത്തിലെ എല്ലാജനങ്ങൾക്കും ഒപ്പം ഞാനും സന്തോഷിക്കുന്നു’’– മധുവിന്റെ വാക്കാണ് ഓരോ മലയാളിയും പങ്കുവെക്കുന്നത്.
വാനപ്രസ്‌ഥത്തിലെ കുഞ്ഞിക്കുട്ടൻ, കിരീടത്തിലെ സേതുമാധവൻ, തൂവാനത്തുന്പിയിലെ ജയകൃഷ്‌ണൻ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമൻ, നാടോടിക്കാറ്റിലെ ദാസൻ, മണിച്ചിത്രത്താഴ്, വർണപ്പകിട്ട്, സുഖമോ ദേവി എന്നിവയിലെ സണ്ണി, ഇരുപതാംനൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി, രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ്, ഉത്സവപ്പിറ്റേന്നിലെ അനിയൻ തന്പുരാൻ, ഭ്രമരത്തിലെ ശിവൻകുട്ടി, തുടരുമിലെ ബെൻസ്, ഹൃദയപൂർവത്തിലെ സന്ദീപ് ബാലകൃഷ്‌ണൻ തുടങ്ങിയ എത്രയോ കഥാപാത്രങ്ങളായി ‘ലാലേട്ടൻ’ മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു.
2004ൽ സംവിധായകനായ അടൂർ ഗോപാലകൃഷ്‌ണനിലൂടെയാണ് മലയാളത്തിലേക്ക് ആദ്യമായി ഫാൽക്കെ അവാർഡ് എത്തിയത്. പുരസ്കാരം ലാലിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയപ്പോൾ അടൂർ പറയുന്നു– ‘‘ ലാലിന് ദേശീയ ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു. വളരെ സന്തോഷം’’.
മലയാളത്തിൽ നിന്ന് രണ്ടാമൻ
ഇന്ത്യയിൽ സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതി തേടിയെത്തുന്ന രണ്ടാമത്തെ മലയാള ചലച്ചിത്ര പ്രവർത്തകനാണ് മോഹൻലാൽ. സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനാണ് ഫാൽകെ പുരസ്‌കാരം നേടിയ ആദ്യ മലയാളി– 2004ൽ. ഇന്ത്യൻ സിനിമയുടെ പിതാവും ഇന്ത്യയിലെ ആദ്യ മുഴുനീള ഫീച്ചർ സിനിമയായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനുമായ ദാദാ സാഹേബ് ഫാൽകെയുടെ സംഭാവനകൾ കണക്കിലെടുത്ത് 1969 മുതൽക്കാണ് ഇന്ത്യാ ഗവൺമെന്റ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഹിന്ദി നടി ദേവിക റാണിയാണ് ആദ്യ ജേതാവ്.
പൃഥ്വിരാജ് കപൂർ, ബി എൻ റെഡ്ഡി, എൽ വി പ്രസാദ്, സത്യജിത് റായ്, വി ശാന്താറാം, ബി നാഗിറെഡ്ഡി, രാജ് കപൂർ, അശോക് കുമാർ, ലത മങ്കേഷ്‌കർ, ഭൂപേൻ ഹസാരിക, ദിലീപ് കുമാർ, രാജ്‌കുമാർ, ശിവാജി ഗണേശൻ, ഹൃഷികേശ് മുഖർജി, ആശാ ഭോസ്‌ലെ, യാഷ് ചോപ്ര, മൃണാൾസെൻ, ശ്യാം ബെനഗൽ, തപൻ സിൻഹ, മന്നാഡേ, കെ ബാലചന്ദർ, സൗമിത്ര ചാറ്റർജി, ഗുൽസാർ, ശശി കപൂർ, മനോജ് കുമാർ, കെ വിശ്വനാഥ്, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ , രജനികാന്ത്, ആശാ പരേഖ് , വഹീദ റഹ്‌മാൻ, മിഥുൻ ചക്രവർത്തി, പ്രാൺ തുടങ്ങിയവരാണ് മുൻ പുരസ്‌കാര ജേതാക്കൾ. തെക്കേ ഇന്ത്യൻ പ്രതിഭകളായ എം ടി വാസുദേവൻ നായർ, നടൻ മധു, കമൽഹാസൻ, അരവിന്ദൻ, യേശുദാസ്, മമ്മൂട്ടി തുടങ്ങിവർക്ക് പുരസ്‌കാരം ലഭിച്ചതുമില്ല.









0 comments