സര്‍വകലാശാല ചെലവില്‍ കേസ് നടത്താന്‍ നീക്കവുമായി താല്‍ക്കാലിക വി സി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചെലവിൽ ഹൈക്കോടതിയിൽ കേസ് നടത്താൻ നീക്കവുമായി താൽക്കാലിക വൈസ് ചാൻസലർ. സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിൽ വിശദീകരണം നൽകാനാണ് വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നീക്കം. സർവകലാശാല സ്റ്റാൻഡിങ് കൗൺസലിനെ അല്ലാതെ സ്വന്തം നിലയിൽ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന കോടതി നിർദേശത്തെയാണ് മറികടക്കുന്നത്.
മറ്റൊരു അഭിഭാഷകയെ ചുമതലപ്പെടുത്തുന്നതായി സർവകലാശാലയിൽ പ്രത്യേക ഉത്തരവിറക്കുകയാണ് വി സി ചെയ്തത്. സർവകലാശാലയുടെ പേരിൽ പ്രത്യേക ഉത്തരവിറക്കി സർവകലാശാല ഫണ്ടിൽനിന്ന് തുക ഈടാക്കാനാണ് ശ്രമം.
സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റിയാണ് ഇതിന് തുക നൽകേണ്ടത്. രജിസ്ട്രാർ ഇൻ ചാർജ് ചുമതല നൽകിയിട്ടുള്ള മിനി ഡിജോ കാപ്പൻ കേസിൽ കക്ഷിയല്ല. അവരോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുമില്ല. എന്നിരുന്നായലും, വി സി സ്വന്തം ഇഷ്ടത്തിന് ഇവരെയും ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സർവകലാശാലയിൽ കയറാനും ഔദ്യോഗിക കൃത്യനിർവഹണത്തിനുമുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിൽകുമാറിന്റെ ഹർജിയിൽ കോടതി ബുധനാഴ്ച വി സിയുടെ വാദം കേൾക്കാനിരിക്കെയാണ് പ്രത്യേക ഉത്തരവ്.








0 comments