ad
Deshabhimani

സതീശൻ ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്: എം എം മണി

MM Mani.jpg
വെബ് ഡെസ്ക്

Published on Apr 02, 2026, 03:53 PM | 1 min read

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എം എം മണി എംഎൽഎ. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് സതീശനെന്നും അദ്ദേഹം എത്രയും വേഗം രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും മണി പറഞ്ഞു.


രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും സതീശനിൽ നിന്ന് വ്യത്യസ്തരായ നേതാക്കളായിരുന്നു. സതീശൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ മത്സരരംഗത്തുനിന്ന് താൻ സ്വയം മാറിനിന്നതാണ്.


ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും പാർലമെന്ററി വ്യാമോഹമില്ലാത്തതിനാൽ വിശ്രമം ആവശ്യപ്പെട്ടു. പാർട്ടി തനിക്ക് നൽകേണ്ടതെല്ലാം നൽകിക്കഴിഞ്ഞു. ബാല്യകാലത്ത് ഇൻക്വിലാബ് വിളിച്ച് തുടങ്ങിയതാണ് തന്റെ രാഷ്ട്രീയമെന്നും വിശക്കുന്നവന് ഭക്ഷണം നൽകുന്നതാണ് പൊതുജീവിതമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


ഗാന്ധി ഘാതകരുടെ കയ്യിൽ ഇന്ത്യയെ എത്തിച്ച പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അവരുടെ സൗജന്യ വാഗ്ദാനങ്ങൾ വെറും വിഡ്ഢിത്തമാണ്, ഇതൊന്നും നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്നത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഏക കൈമുതലെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിൽ ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവുമില്ല. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ക്ഷേമപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. വ്യക്തിയേക്കാൾ വലുതാണ് പാർട്ടി. പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ എം എം മണിയാണെങ്കിലും പുറത്താക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


സോഷ്യലിസം നടപ്പാക്കുമെന്ന് പറഞ്ഞ് രാജ്യം ഭരിച്ച കോൺഗ്രസ് ഇന്ന് ഇന്ത്യയെ എവിടെ എത്തിച്ചുവെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വലിയ അംഗീകാരം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home