പ്രൊഫ. എം കെ സാനു വിടവാങ്ങി

കൊച്ചി : മലയാളത്തിന്റെ സ്നേഹഭാജനം സാനുമാഷ് വിടവാങ്ങി . പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനുമായ എംകെ സാനുവിന്റെ അന്ത്യം അഞ്ചരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഒരാഴ്ചയായി ന്യുമോണിയ ബാധിച്ച് ഇവിടെ ചികിത്സയിലായിരുന്നു. 98വയസായിരുന്നു.
നാളെ രാവിലെ ഒമ്പത് മുതൽ മൃതദേഹം വീട്ടിൽ പൊതുദര്‍ശനത്തിന് വയ്ക്കും. 10 മുതൽ എറണാകുളം ടൗൺഹാളിൽ പൊതുദര്‍ശനം. വൈകിട്ട് 5ന് രവിപുരം ശ്മശാനത്തിൽ സംസ്കാരം നടക്കും.
ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമുദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.
1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1991-ൽ കൊല്ലത്തെ കുങ്കുമം വാരികയിൽ ചീഫ് എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 1997 ൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ശ്രീ നാരായണ ചെയറിൽ സാനുമാഷ് നിയമിക്കപ്പെട്ടു.
കേരളത്തിലെ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന മാനസിക വൈകല്യമുള്ളവർക്കായുള്ള ഒരു സ്‌കൂളായ മിത്രത്തിന്റെ സ്ഥാപക അംഗവുമാണ് . വയലാർ രാമവർമ്മ സാഹിത്യ അവാർഡിന്റെ അവാർഡ് സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം.
1927 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. 1955 ലും 1956 ലും സാനു ശ്രീ നാരായണ കോളേജിലും മഹാരാജാസ് കോളേജിലും ലക്ചററായിരുന്നു. 1983 ൽ പ്രൊഫസറായാണ് മാഷ് വിരമിച്ചത്. 1984 ൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായും 1985 ൽ കേരള സർവകലാശാലയിലെ ശ്രീ നാരായണ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2011- ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ "ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ" ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.










0 comments