ad
Deshabhimani

മനുഷ്യനോടും മനുഷ്യത്വത്തോടും ചേർന്നുനിന്ന മനസ്

MK SANU
വെബ് ഡെസ്ക്

Published on Aug 02, 2025, 07:32 PM | 2 min read

മലയാളികൾക്ക് സാഹിത്യാസ്വാദനത്തിന്റെ പുതിയ തലം പഠിപ്പിച്ചയാളാണ് സാനുമാഷ്. പതിനായിരങ്ങളുടെ പ്രിയപ്പെട്ട ​ഗുരുനാഥൻ. വിപുലമായ ശിക്ഷ്യ സമ്പത്തിന് ഉടമ. കരുണയും ലീലയും വാസവദത്തയും ഉദ്ധരിച്ച് എങ്ങനെ മനുഷ്യനിൽ മാനുഷികവശം ഉണ്ടാകുന്നു എന്ന് വിവരിക്കുന്ന സാനുമാഷിനെ ഇന്നും പ്രിയ ശിഷ്യർ സ്നേഹത്തോടെ ഓർക്കുന്നു.


ആധുനിക കേരള ചരിത്രവുമായി ഇടകലർന്ന് വളർന്ന ജീവിതമായിരുന്നു മാഷിന്റേത്. സാമൂഹ്യപുരോഗതിക്ക് ചാലുകീറി മുമ്പേനടന്ന വ്യക്തിത്വം. എന്നും മാനവികതയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് സമൂഹവുമായി ഗാഢബന്ധം പുലർത്തിയായിരുന്നു ആ ജീവിത യാത്ര.


സൗമ്യമായല്ലാതെ മാഷ് പെരുമാറുന്നത് ആർക്കും പരിചയമില്ല എന്ന് തന്നെപറയാം. വിമർശനത്തിൽ കർക്കശ നിലപാടല്ല, അനുഭൂതി പകരുന്ന ആസ്വദിപ്പിക്കലിന്റെ സമീപനമായിരുന്നു എം കെ സാനുവിന്റേത്.


ആധുനിക കേരള ചരിത്രവുമായി ഇടകലർന്ന് വളർന്ന ജീവിതമായിരുന്നു എം കെ സാനുവിന്റേത്. പല തലമുറകൾക്ക് ഗുരുനാഥനായ, മലയാളികൾക്ക് സാഹിത്യാസ്വാദനത്തിന്റെ പുതിയ തലം പഠിപ്പിച്ച, നിരവധി മഹത്തുക്കളുടെ ജീവിതം എഴുതിയ ആദരണീയ നിരൂപകനും ജീവചരിത്രകാരനും അധ്യാപകനും പ്രഭാഷകനും. ഏഴ് പതിറ്റാണ്ടോളം സാമൂഹ്യപുരോഗതിക്ക് ചാലുകീറി മുമ്പേനടന്ന വ്യക്തിത്വം. സമൂഹവുമായി ഗാഢബന്ധം പുലർത്തിയതാണ് ആജീവിതം.


അത് പകർന്ന വെളിച്ചം എഴുത്തിലുമുണ്ടായി. സാമൂഹികവും സൗന്ദര്യാത്മകവുമായ പശ്ചാത്തലത്തിൽ ഒരുപോലെ ഊന്നിയാണ് കൃതികളെ മൂല്യനിർണയം ചെയ്തത്. എഴുത്തുകാരന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചുതന്നെ, സമൂഹത്തോടുള്ള ബന്ധം ഊന്നിപ്പറഞ്ഞു. എന്നും മാനവികതയോടൊപ്പം നിലകൊണ്ടു. അതിനു പ്രേരകമായ ദർശനം ശ്രീനാരായണഗുരുവിന്റേതും. നവോത്ഥാന സന്ദേശത്തെ കാലാനുസൃതമായി നവീകരിച്ച് സാഹചര്യങ്ങളോട് ഇണക്കുന്നതിൽ പിൽക്കാലത്ത് ഇടതുപക്ഷ രാഷ്ട്രീയം പ്രയോജനപ്പെടുകയുണ്ടായി.


മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവയാണ് ആ പ്രഭാഷണങ്ങൾ. കാർത്തികപള്ളിയിൽ മുണ്ടശ്ശേരി അധ്യക്ഷനായ സാഹിത്യസമ്മേളനത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. മാഷും പ്രസംഗിച്ചു. തന്റെ നിലപാടിനോട് വിയോജിച്ച് സംസാരിച്ചതിനെക്കുറിച്ച് മുണ്ടശ്ശേരി പറഞ്ഞത് “ശക്തമായ പ്രസംഗം’ എന്നും. അതിന്റെ ശക്തിയും ചൈതന്യവും കേരളം തുടർന്നും അനുഭവിച്ചു. അന്നത്തെ പ്രസംഗം കേൾക്കാനെത്തിയ ഒരാൾ മാഷിന്റെ ഗുരു ആർ സുഗതൻ. അദ്ദേഹം പറഞ്ഞു: ഈ പ്രസംഗം ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. അന്ന് പറഞ്ഞത് സത്യമായി. സാനുവിന്റെ പ്രസംഗം പിൽക്കാലത്ത് കേരളത്തിനാകെ അവകാശപ്പെട്ടതായി, പ്രത്യേകിച്ച് പുരോഗമന പ്രസ്ഥാനങ്ങൾക്ക്.


മലയാളത്തിലെ ജീവചരിത്ര സാഹിത്യത്തെ ഇതുപോലെ സമ്പന്നമാക്കിയ മറ്റൊരാളില്ല. സാനു എഴുതിയ ജീവചരിത്രങ്ങളിൽ പ്രധാനം “നാരായണഗുരുസ്വാമി’ തന്നെ. ഗുരുവിനെക്കുറിച്ചുള്ള ജീവചരിത്രങ്ങളിൽ ഉൾക്കാഴ്ചയും സമഗ്രതയും നിറഞ്ഞത്. “ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’, ആശാന്റെ കാവ്യ വ്യക്തിത്വത്തെക്കുറിച്ചുള്ള “മൃത്യുഞ്ജയം കാവ്യജീവിതം’ എന്നിവയും ദാർശനിക വെളിച്ചം പകരുന്നവ. സഹോദരൻ അയ്യപ്പൻ മുതൽ വൈക്കം മുഹമ്മദ് ബഷീർവരെ എത്രയോ പേരെ പുതുതലമുറ സമഗ്രതയോടെ അറിഞ്ഞത് അവയിലൂടെ.


പ്രഭാത ദർശനം, രാജവീഥി, അവധാരണം തുടങ്ങി നിരൂപണ കൃതികളും ശ്രദ്ധേയം. ഉത്പതിഷ്ണുത്വമുള്ള മനസ്സ് എന്നും മാഷ് സൂക്ഷിച്ചു. സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദം ശക്തിപ്പെടുകയും എസ്എൻഡിപി അനുകൂലിക്കുകയും ചെയ്ത ഘട്ടം. ശ്രീനാരായണ സന്ദേശം മുറുകെ പിടിച്ച് വിദ്യാർഥിയായ സാനുവിനെപോലുള്ളവർ പരസ്യമായി പ്രതികരിച്ചു. ആ ഉത്പതിഷ്ണുത്വമാണ് “പ്രസംഗം ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്’ എന്ന് പറയാൻ ആർ സുഗതനെ പ്രേരിപ്പിച്ചതും. അതിന്റെ സ്വാഭാവിക പരിണതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കണമെന്ന അഭ്യർഥന മാഷ് സ്വീകരിച്ചത്.


മനുഷ്യനോടും മനുഷ്യത്വത്തോടും ചേർന്നുനിൽക്കുന്ന മനസ്സാണ് ഇത്തരം സാമൂഹ്യ‐രാഷ്ട്രീയ നിലപാടുകളിൽ എത്തിച്ചതും. പുരോഗമന കലാസാഹിത്യസംഘം അധ്യക്ഷ പദവിയിലേക്ക് വരണമെന്ന ക്ഷണം സ്വീകരിച്ചതും ഈ ആഭിമുഖ്യംകൊണ്ടുതന്നെ. അധ്യാപകൻ എന്ന നിലയിൽ തലമുറകളെ വിശേഷ ജ്ഞാനത്തിന്റെ ഉന്നതങ്ങളിലേക്കുയർത്തി. പ്രഭാഷകനായി നവീനവും പുരോഗമനപരവുമായ ചിന്തകളുടെ പ്രകാശം പരത്തി. പത്രാധിപർ എന്ന നിലയിൽ ഇളംപ്രതിഭകളെ കൈപിടിച്ചുയർത്തി. ഇതൊക്കെയാണ് സാനുവിന്റെ ജീവിതം ധന്യമാക്കിയ ഘടകങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home