ആ ശബ്ദം തൊഴിലാളിവർഗത്തിന് അവകാശപ്പെട്ടതാണ്

തൊഴിലാളിവർഗത്തിന്റെ അനിഷേധ്യ വിപ്ലവകാരിയായിരുന്ന ആർ സുഗതന്റെ പ്രിയ ശിഷ്യരിൽ ഒരാൾ. ഒരിക്കൽ കണ്ടവരെ പിന്നീടെന്നും മനസിലോർത്തുവെക്കുന്ന സുഗതൻ സാനുവിന്റെ മുഖവും എപ്പോഴും മനസിൽ സൂക്ഷിച്ചു. കാഞ്ഞിരംചിറയിലെ കണ്ടയാശാന്റെ സ്കൂളിൽ പഠിക്കവേ സുഗതൻ അവിടെ അധ്യാപകനായെത്തുകയായിരുന്നു. വരുംകാല കേരളത്തിന് ഒരു സാഹിത്യകാരനേയും ഒപ്പം സാമൂഹികപ്രവർത്തകനേയും കൂടിയാണ് താൻ സംഭാവന ചെയ്യുന്നതെന്ന് ഒരുപക്ഷെ സുഗതൻ അന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുകാണും.
പഠനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം സാനു കിടങ്ങാംപറമ്പിൽ ഒരു യോഗത്തിൽ പ്രസംഗിച്ചു. കേൾവിക്കാരിൽ സാറും. പിറ്റേന്ന് കത്തെഴുതി‐ ''സാനുവിൻറ പ്രസംഗത്തിന് ശക്തിയും ഭംഗിയുമുണ്ട്. അത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്''.
ആ ശബ്ദം തൊഴിലാളിവർഗത്തിന് അവകാശപ്പെട്ടതെന്നാണ് അർഥമാക്കിയത്. പിന്നീട് ശിഷ്യൻ എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചപ്പോൾ ആ വാക്കുകൾ പലരും ഓർത്തു. ''കേരളത്തിലെ മൂന്ന് മികച്ച സാഹിത്യപ്രാസംഗികരിൽ ഒരാളാണ് സാനു''വെന്ന് കൗമുദി ബാലകൃഷ്ണൻ എഴുതി. ഒരുകാലത്ത് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നടന്ന സാംസ്കാരിക സമ്മേളനങ്ങളിൽ മുഖ്യപ്രസംഗകൻ മാസ്റ്ററായിരുന്നു. ആരോഹണ അവരോഹണത്തിലൂടെ, വിജ്ഞാനപ്രദമായ പ്രസംഗം ഏവരെയും ആകർഷിച്ചു.
മഹാരാജാസിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധേയൻ. വിദ്യാർഥികളുടെ അന്വേഷണ തൃഷ്ണ മുരടിപ്പിക്കുന്ന അധ്യാപകരുടെ കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. വിദ്യാർഥികളിൽനിന്നും ആഗ്രഹിച്ചത് വിമർശനം. സാഹിത്യ വീക്ഷണങ്ങളെ വിമർശിക്കുന്നവരെ കാലുഷ്യമില്ലാതെ സ്നേഹിച്ചു. വിമർശിക്കുന്നവർ വ്യത്യസ്ത വഴിതേടുന്നവരാണെന്ന് കണക്കാക്കി. മാസ്റ്ററുടെ ശിഷ്യപരമ്പര അതിവിപുലം. എ കെ ആൻറണി, വയലാർരവി, കെ പി അപ്പൻ, വിജയലക്ഷ്മി, പ്രിയ എ എസ്, ഗ്രേസി, ടി വി ആർ ഷേണായി, മമ്മൂട്ടി തുടങ്ങിയവർ.
നഗരത്തിലെ പ്രമുഖ എഴുത്തുകാരെ വിദ്യാർഥികളുമായി പരിചയപ്പെടുത്താനും സംവാദങ്ങൾക്കും അദ്ദേഹം മുൻകൈയെടുത്തു. ബഷീർ, എം ഗോവിന്ദൻ, സി എൻ ശ്രീകണ്ഠൻനായർ, ജി ശങ്കരപിള്ള, എം വി ദേവൻ, ആനന്ദ് തുടങ്ങിയവർ മാസ്റ്റർ വഴി കാമ്പസിലെത്തി. മുണ്ടശേരി, കുട്ടിക്കൃഷ്ണമാരാർ, സി ജെ തോമസ്, സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ, പി കെ ബാലകൃഷ്ണൻ, പോഞ്ഞിക്കര റാഫി എന്നിവരുമായും സൗഹൃദം. ബഷീറിന്റെ ബുക്ക്സ്റ്റാളിൽ നടന്ന സംവാദങ്ങളിൽ സാനുവും പങ്കെടുത്തു. ഒരുകാലത്ത് നഗരത്തിൽ അദ്ദേഹം പ്രസംഗിക്കാത്ത സായാഹ്നങ്ങൾ കുറവ്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ സാനു ശബ്ദമുയർത്തി. കാമ്പസിൽ പുറത്തിറക്കിയ 'കുരുക്ഷേത്രത്തിലേക്ക്'ലഘുലേഖയുടെ പിന്നിൽ അദ്ദേഹം. ചില യോഗങ്ങളിലും സ്വാതന്ത്ര്യബോധം തലപൊക്കിയപ്പോൾ സ്ഥലംമാറ്റി.
അടിയന്തിരാവസ്ഥ കഴിഞ്ഞാണ് മഹാരാജാസിൽ തിരിച്ചെത്തിയത്. എറണാകുളത്ത് 1987ൽ മൽസരിച്ച അദ്ദേഹത്തിന്റെ വിജയത്തിനുപിന്നിൽ രാഷ്ട്രീയത്തിനതീതമായി പൂർവവിദ്യാർഥികൾ അണിനിരന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് അറിവിന്റെ അണമുറിയാത്ത പ്രവാഹമായി സാനുമാഷ് കാലത്തെ പോലും തോൽപ്പിച്ച് നടന്നുകയറുകയായിരുന്നു. ഒരുപക്ഷെ ചരിത്രപരം എന്ന് തന്നെ വിളിക്കാവുന്നത്.
ഒരു വിഷയത്തിൽ ആരംഭിച്ച് പിന്നീട് അതിൽ നിന്നും മറ്റൊന്നിലേക്ക് പിന്നീട് അതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിലേക്ക് എന്നിങ്ങനെ ആ മസ്തിഷ്കം പടർന്നുകൊണ്ടേ ഇരുന്നു. അതേസമയം തന്നെ അടിസ്ഥാന വിഷയവുമായി വ്യക്തമായ ബന്ധം നിലനിർത്തിക്കൊണ്ടും ആ വിഷയത്തിന് ഏറ്റവും അത്യാവശ്യവുമായ കാര്യങ്ങൾ ഉയർത്തിയും മാഷ് പ്രസംഗിച്ചു .മറ്റു പ്രഭാഷകരിൽ നിന്നും ഈ അതുല്യ പ്രതിഭയെ വ്യത്യസ്തമാക്കിയ മറ്റൊരുഘടകം തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂർണമായ പുസ്തകങ്ങൾ രചിച്ചുകൊണ്ട്, പകരം വെക്കാൻ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം സാനുമാഷ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു










0 comments