മിഥുന്റെ ഓർമയിൽ ‘മിഥുനം’ : വീടിന്റെ താക്കോൽ 24ന് കൈമാറും

മിഥുൻ, പടിഞ്ഞാറെകല്ലട വിളന്തറയിൽ മിഥുന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് നിർമിച്ചുനൽകിയ വീട്
എം അനിൽ
Published on Jan 14, 2026, 10:27 AM | 1 min read
കൊല്ലം : ‘പുതിയ വീടിന് ഞങ്ങൾ പേരിട്ടു, മിഥുനം. ഓടിച്ചാടി നടന്ന മോന്റെ ഓർമകളാണ് ഇൗ വീട്ടിലും ഞങ്ങടെ മനസിലുമുള്ളത്. ഇത് അവന്റെ വീടാണ്. ഇൗ വീട് അറിയുന്നത് ഇനി അവന്റെ പേരിലൂടെ ആകണം’–2025 ജൂലൈ 17ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ് വിദ്യാർഥി പടിഞ്ഞാറെകല്ലട വിളന്തറ മനുഭവനിൽ മിഥുന്റെ അമ്മ സുജയുടെയും അച്ഛൻ മനുവിന്റെയും വാക്കുകളിൽ നിറയെ മകനോടുള്ള വാത്സല്യം. വിദ്യാഭ്യാസ മന്ത്രിയും സർക്കാരും പറഞ്ഞ വാക്കുപാലിച്ചു. ഞങ്ങൾക്കതിൽ വലിയ സന്തോഷമുണ്ട്. മകന്റെ ജീവനുതുല്യം ഒന്നുമില്ല. എന്നാൽ, അവന്റെ വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. അത് ഇപ്പോഴുണ്ടായി. കൂടെനിന്ന എല്ലാവർക്കും നന്ദി–അവർ പറഞ്ഞു.
‘മിഥുന’ത്തിൽ കേറിത്താമസം 25ന് ആണ്. 24ന് രാവിലെ 10ന് പുതിയ വീടിന്റെ താക്കോൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒൗപചാരികമായി മിഥുന്റെ കുടുംബത്തിന് കൈമാറും. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി മിഥുന്റെ ആഗ്രഹം പോലെ വീടു നിർമിച്ചുനൽകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ കൃഷ്‌ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവരും വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്‌ഇബി 10 ലക്ഷവും കെഎസ്‌ടിഎ 11 ലക്ഷം രൂപയും കുടുംബത്തിന് ആശ്വാസമായി കൈമാറി. സ്‌കൂൾ മാനേജ്‌മെന്റും 10 ലക്ഷം രൂപ നൽകി.
1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള 20 ലക്ഷം രൂപ ചെലവ് വന്ന വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് കല്ലിട്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അസോസിയേഷനായിരുന്നു വീടുനിർമാണത്തിന്റെ ചുമതല. മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ആറു മാസത്തിനുള്ളിൽ വീട് നിർമിച്ചുനൽകാൻ കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബിൽഡേഴ്‌സിനായിരുന്നു നിർമാണ കരാർ നൽകിയത്. അഞ്ചുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചു. നിർമാണത്തിന്റെ ഓരോഘട്ടത്തിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി ഹിതേഷും എംഎൽഎയും പടിഞ്ഞാറെക്കല്ലട പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ഉണ്ണിക്കൃഷ്‌ണനും ഒപ്പംനിന്നു.










0 comments