ad
Deshabhimani

‘മിഷൻ സമുദ്ര’ കടൽക്കൊള്ള വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതി ഡോ. ടി എം തോമസ്‌ ഐസക്‌

V D Satheesan Dr T M Thomas Issac

വി ഡി സതീശൻ, ഡോ. ടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്ക്

Published on Jul 02, 2026, 02:49 PM | 2 min read

ആലപ്പുഴ: വിഴിഞ്ഞം മാതൃകയിലുള്ള കടൽക്കൊള്ള മറ്റ്‌ തുറമുഖങ്ങളിലേക്കും കടൽ ഖനനത്തിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതിയാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ ‘മിഷൻ സമുദ്ര’യെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതികളുടെ നിർമാണവും നടത്തിപ്പും സ്വകാര്യമേഖലയ്‌ക്ക്‌ നൽകി സർക്കാർ വെറും ഫെസിലിറ്റേറ്റർ ആയാൽ മതിയെന്നാണ്‌ യുഡിഎഫിന്റെ ആദർശം. വലിയ പദ്ധതികൾക്ക്‌ സ്വയം പണം സമാഹരിക്കാനുള്ള നീക്കങ്ങൾ സർക്കാർ ഉപേക്ഷിക്കുകയാണ്‌.


ഒരു ലക്ഷം കോടി രൂപ വരെ പ്രയാസമില്ലാതെ വായ്‌പ എടുക്കാൻ കഴിയുമെന്ന്‌ തെളിയിച്ചിട്ടുള്ള കിഫ്‌ബിയുടെ വിശ്വാസ്യത ഉടമസ്ഥരായ കേരള സർക്കാർ തന്നെ ആക്ഷേപം കൊണ്ട്‌ തകർക്കുകയാണ്‌. ഇതോടെ, പണം ഉണ്ടാക്കുന്നതിനും പദ്ധതി നടപ്പിനും സ്വകാര്യ കുത്തകകളെ ആശ്രയിക്കുകയേ കേരളത്തിന്‌ നിർവാഹമുള്ളൂ എന്ന സ്ഥിതിയാകും. ഇത്‌ വിഭവങ്ങളെയും വികസിത സാധ്യതകളെയും കൊള്ളയടിക്കുന്നതിലേക്ക്‌ നയിക്കും. ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌ 2500 കോടി രൂപ മുതൽ മുടക്കിയ കന്പനിയുടെ പകുതിയിൽ താഴെ ഓഹരികൾ 13000 കോടി രൂപയ്‌ക്ക്‌ അദാനി പോർട്ട്‌ വിറ്റ്‌ കാശാക്കുന്ന അനുഭവം. നിയമപ്രകാരം കേരള സർക്കാർ അനുമതി നൽകിയിട്ടുവേണ്ടേ ഇത്‌ വിൽക്കാൻ ? മുഖ്യമന്ത്രി വി ഡി സതീശന്റെ മ‍ൗനാനുവാദത്തോടെയാണ്‌ വിൽപ്പന നടന്നിട്ടുള്ളത്‌. ഇതായിരുന്നില്ലേ മംഗലാപുരത്തേക്ക്‌ ചാർട്ടേഡ്‌ വിമാനത്തിൽ നടത്തിയ യാത്രയിൽ ചർച്ചചെയ്‌ത കാര്യങ്ങളിൽ ഒന്ന്‌ ? മുഖ്യമന്ത്രിയെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്ന്‌ കന്പനി വ്യക്‌താക്കൾ പറയുന്നു. വി ഡി സതീശൻ ഇത്‌ വെളിപ്പെടുത്തണം.


അദാനിയുടെ 2500 കോടിയുടെ മുതൽ മുടക്കിന്‌ അഞ്ചു വർഷം കൊണ്ട്‌ 10 മടങ്ങ്‌ മൂല്യം വർധിച്ചെങ്കിൽ അത്‌ ശരിവയ്‌ക്കുന്നത്‌ ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക്‌ കടൽക്കൊള്ളയ്‌ക്ക്‌ അവസരം ഒരുക്കി എന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെയാണ്‌. ‘ലാൻഡ്‌ ലോർഡ്‌’ മോഡലിൽ തുറമുഖം നമ്മുടെ ചെലവിൽ പണിത്‌ നടത്തിപ്പിന്‌ ലാഭം വഹിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വഴി കന്പനിയെ തെരഞ്ഞെടുക്കാനാണ്‌ ഇടതുപക്ഷം നിർദേശിച്ചത്‌. ഇതിന്‌ പകരം 70 ശതമാനം പണവും ഭൂമിയും നൽകി, പണിയുന്നതിനും നടത്തിപ്പിനും 30 വർഷത്തേക്ക്‌ ലാഭവിഹിതം തരാതെ അദാനിക്ക്‌ തുറമുഖം വിട്ടുകൊടുക്കുന്ന കരാറാണ്‌ ഉമ്മൻചാണ്ടി ഉണ്ടാക്കിയത്‌. ഇതിനെ കടൽക്കൊള്ളയെന്ന്‌ ഇടതുപക്ഷം അന്ന്‌ വിളിച്ചത്‌ ശരിയാണെന്ന്‌ ഇന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതിന്‌ ശക്‌തമായ പ്രക്ഷോഭം അനിവാര്യമായിരിക്കുകയാണെന്ന്‌ ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home