വിവാഹം രജിസ്റ്റർ ചെയ്യാൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നിർബന്ധം: ഗുജറാത്ത് ഹൈക്കോടതി

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഹിന്ദു വിവാഹ നിയമപ്രകാരം ആചാരപരമായ ചടങ്ങുകളോ 'സപ്തപദി'യോ (ഏഴു വട്ടം അഗ്നിയെ വലംവെക്കൽ) നടക്കാത്ത പക്ഷം, കേവലം വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് മാത്രം ഒരു വിവാഹത്തിന് നിയമസാധുത ലഭിക്കില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി.
വിവാഹം എന്നത് കേവലം പാട്ടും നൃത്തവും ഭക്ഷണ വിതരണവും മാത്രമുള്ള ഒന്നല്ല, മറിച്ച് ഇന്ത്യൻ സമൂഹത്തിൽ വലിയ പ്രാധാന്യമുള്ള പവിത്രമായ ഒരു ചടങ്ങാണെന്നും കോടതി പറഞ്ഞു. യുകെയിൽ താമസിക്കുന്ന കൗശൽ സോനാർ എന്ന യുവാവ് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
യുവാവിന്റേതെന്ന് അവകാശപ്പെട്ട് യുവതി ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആചാരപ്രകാരമുള്ള യാതൊരു വിവാഹ ചടങ്ങുകളും നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്.
ഇരുവരും തമ്മിൽ ആചാരപ്രകാരം വിവാഹം നടന്നിട്ടില്ലെന്ന് ഫാമിലി കോടതിയിൽ യുവതി സമ്മതിച്ചിട്ടും കേസ് തള്ളിയ ഫാമിലി കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 വ്യക്തമാക്കുന്നത് പോലെ, സപ്തപദി ഉൾപ്പെടെയുള്ള പരമ്പരാഗത ആചാരങ്ങൾ കൃത്യമായി നടക്കുമ്പോൾ മാത്രമേ ഒരു ഹിന്ദു വിവാഹം പൂർണ്ണമാകുകയും നിയമപരമായി നിലനിൽക്കുകയും ചെയ്യുകയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.
ഭൂമിശാസ്ത്രപരമായും സംസ്‌കാരപരമായും ചടങ്ങുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ഇവയാണ് ഒരു വ്യക്തിയെ ആത്മീയമായി പരിവർത്തനം ചെയ്യുന്നത്. എന്നാൽ ഹിന്ദു മതത്തിൽ ജനിച്ച രണ്ടുപേർക്ക് ആചാരങ്ങളുടെ പിന്തുണയില്ലാതെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന തീരുമാനത്തിൽ യുവാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.











0 comments