print edition ‘മിഷൻ സമുദ്ര’ തീരത്തിന് അപകടകരം: സജി ചെറിയാൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ‘മിഷൻ സമുദ്ര’ തീരത്തിന് അപകടകരമാണെന്ന് സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. ആകാശവും കടലും കരയും നഷ്ടപ്പെടുത്തുന്നതാണ് പദ്ധതി. ഇതും ബിജെപി സർക്കാരിന്റെ പദ്ധതിയും ഒന്നാണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ മേഖലയിലാണ് നിർദിഷ്ട കേന്ദ്രപദ്ധതി. ഇതിന് ടെൻഡർ കൊടുത്തു. വി ഡി സതീശന്റെ ബജറ്റിലും ഇതേ ജില്ലകളിലാണ് കോറിഡോറെന്നും മുൻ ഫിഷറീസ് മന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് ചർച്ചയിൽ പറഞ്ഞു.
സമ്മിശ്ര സമ്പദ് വ്യവസ്ഥ സൃഷ്‌ടിക്കും, സ്വകാര്യ നിക്ഷേപം ആകർഷിക്കും, ഭാവിയിൽ കേരളത്തെ രാജ്യത്തെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലയാക്കും എന്നാണ് ബജറ്റിലുള്ളത്. ഇതുതന്നെയാണ് കേന്ദ്രസർക്കാരും പറയുന്നത്. അന്ന് അതിനെ കോൺഗ്രസ് എതിർത്തു. 2023 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര ധനമന്ത്രാലയം കൊണ്ടുവന്ന നിയമഭേദഗതി ഉപേക്ഷിക്കണമെന്ന് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 10 സ്ഥലങ്ങൾ ഖനനത്തിന് അനുയോജ്യമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.
‘മിഷൻ സമുദ്ര’ തന്ത്രപരമായാണ് കൊണ്ടുവരുന്നത്. 600 കിലോമീറ്റർ തീരപ്രദേശം ഉപയോഗപ്പെടുത്തി മാരിടൈം സമ്പദ്‌വ്യവസ്ഥയുണ്ടാക്കുമെന്നാണ് ബജറ്റിൽ. കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ, മറ്റ് 13 ചെറുകിട തുറമുഖങ്ങൾ എന്നിവ ഉപയോഗിച്ചുള്ളതാണ് മാരിടൈം പോളിസി. ഇതുനടപ്പായാൽ കടലും കായലും കരയും കടൽസമ്പത്തും ഇല്ലാതാകും. കടൽജലം മലിനമാകും. പന്ത്രണ്ട് നോട്ടിക്കൽ മൈൽ ദൂരം മത്സ്യസമ്പത്ത് ഇല്ലാതാകും. കടൽ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും.
വലിയ മത്സ്യസമ്പത്തിന്റെയും ധാതുസമ്പത്തിന്റെയും കേന്ദ്രമാണ് കൊല്ലം തീരം. 275 മുതൽ 375 മീറ്റർവരെ ആഴത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3300 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണിത്. പണമുണ്ടാക്കാൻ ധാതുഖനനമാണ് മനസ്സിലെങ്കിൽ പ്ലാൻ മാറ്റണം. ആലപ്പുഴയിൽ കടലും തീരവുമായി ബന്ധപ്പെട്ട് ദേശീയപാത മാത്രമേയുള്ളൂ. ഇത് തകർന്നാൽ ചെങ്ങന്നൂരും കുട്ടനാടും അപ്പർ കുട്ടനാടും വെള്ളത്തിലാകും. ഇൗ കോറിഡോർ ആലപ്പുഴയ്‌ക്ക് വേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.










0 comments