വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിൽ

ദിൽഷാദ്
മലപ്പുറം: മലപ്പുറത്തുനിന്നും കാണാതായ യൂടൂബറും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ദിൽഷാദിനെ (31) മേഘാലയയിൽനിന്നും കണ്ടെത്തി. ദിൽഷാദിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടന്നുവരികയായിരുന്നു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ്.
മേഘാലയയിലെ ഖാസിഹിൽ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ദിൽഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ് 'യാത്ര ടുഡേ' എന്ന യൂടൂബ് ചാനലിന്റെ ഉടമയാണ്. വ്ലോഗുകള്ക്കായി രാജ്യത്തിനകത്തും പുറത്തും ധാരാളം യാത്ര നടത്താറുണ്ട്.
ഈ മാസം ആറിന് വീട്ടിൽനിന്ന് വ്ലോഗ് ചെയ്യുന്നതിനായി യാത്ര പുറപ്പെട്ടതാണ്. കൊൽക്കത്തയിലെത്തി ' കൊൽക്കത്ത നഗരത്തിന്റെ പിന്നാമ്പുറ കഥകൾ' പേരിൽ സോഷ്യൽ മീഡിയയിൽ വ്ലോഗ് ചെയ്തിരുന്നു. 22മുതൽ വീട്ടുകാർക്ക് ദിൽഷാദിനെ കുറിച്ച് വിവരമുണ്ടായില്ല. ബന്ധുക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിൽഷാദിനെ കണ്ടെത്തിയത്.









0 comments