മീൻപിടുത്ത ബോട്ടിൽ നിന്ന് കാണാതായി
36 മണിക്കൂർ ഭക്ഷണവും വെള്ളവുമില്ലാതെ കടലിൽക്കിടന്നു; മത്സ്യത്തൊഴിലാളിക്ക് പുതുജന്മം

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തുന്നു
കൊച്ചി: 36 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ കടലിൽ കുടുങ്ങി കിടന്ന മത്സ്യത്തൊഴിലാളിക്ക് പുതുജന്മം. തമിഴ്നാട്ടിൽ നിന്നുള്ള മീൻപിടുത്ത ബോട്ടിൽ നിന്ന് കാണാതായ രഞ്ജുമണി സോനോവാളിനാണ് (40) കോസ്റ്റ്ഗാർഡ് കപ്പലായ 'അർണവേശ്' രക്ഷകരായത്. കൊച്ചി തീരത്തുനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് സംഭവം. മാർച്ച് 30-ന് രാത്രി മത്സ്യബന്ധന പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ‘സിയോണി’ ബോട്ടിൽ നിന്ന് രഞ്ജുമണിയെ കാണാതായത്.
തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉടനെ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോഡിനേഷൻ സെന്ററിനും കൊച്ചിയിലെ മാരിടൈം റെസ്‌ക്യൂ സബ് സെന്ററിനും ഇത് സംബന്ധിച്ച വിവരം കൈമാറി. വിവരം ലഭിച്ചയുടനെ പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'അർണവേശ്' വഴിതിരിച്ചു വിട്ടു. തെരച്ചിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി ഒരു കോസ്റ്റ് ഗാർഡ് വിമാനത്തിന്റെ സഹായവും സജമാക്കി.
ബുധനാഴ്ച രാവിലെ 11.45-ഓടെ കണ്ടെത്തിയ രഞ്ജുമണിയെ കണ്ടെത്തുമ്പോൾ നിർജലീകരണം സംഭവിച്ച് അവശനായ നിലയിലായിരുന്നു. ഉടനടി കപ്പലിൽതന്നെ അടിയന്തര പ്രഥമശുശ്രൂഷ നൽകി. കൂടുതൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.










0 comments