ad
Deshabhimani

മിസ: ദ ലാസ്റ്റ് ബ്രീത്ത്... അതൊരു നാടകമല്ല

misa
വെബ് ഡെസ്ക്

Published on Aug 22, 2026, 01:30 AM | 2 min read

നാടകങ്ങൾ കഥ പറയും; ചരിത്രം പറയും. പക്ഷേ, ഇവിടെ നാടകം രാജ്യത്തിന്റെ മറച്ചുവയ്ക്കപ്പെട്ട മനഃസാക്ഷിയായി മാറുകയാണ്‌. ശ്വാസംമുട്ടുന്ന ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ആത്മകഥയാണ്‌ ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’. അരങ്ങുകാഴ്‌ചകളുടെ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളില്ലാതെ ആസ്വാദകരെ ഓരോ നിമിഷവും പിടിച്ചിരുത്തുകയാണ്‌ ഇ‍ൗ നാടകം. രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ജനാധിപത്യം ഒറ്റ രാത്രിയാൽ ഇരുമ്പഴികൾക്കുള്ളിലായി. ആ ഇരുട്ടിന് ഒരു പേരുണ്ടായിരുന്നു– ‘മിസ’ (ആഭ്യന്തര സുരക്ഷ പാലിക്കൽ നിയമം). പക്ഷേ, ഇവിടെ നാടകം മുന്നോട്ടുവയ്ക്കുന്ന ചോദ്യം മറ്റൊന്നാണ്‌: അടിയന്തരാവസ്ഥ ശരിക്കും അവസാനിച്ചോ? ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്‌’, ഇപ്പോഴും ജീവിക്കുന്ന രാഷ്ട്രീയശരീരമായി കാണുന്നു.


എന്തുകൊണ്ടാണ് ഇ‍ൗ നാടകം സ്വന്തം ഗ്രാമത്തിലെ കഥ പറയാതെ, കർണാടകത്തിൽ ജീവിച്ചിരുന്ന ഒരു നടിയുടെ ജീവിതം തെരഞ്ഞെടുത്തത്? എന്തുകൊണ്ട്‌ സ്നേഹലത റെഡ്ഡി? അനീതി അതിർത്തികൾക്കതീതമാണ്‌. ഭാഷ, മതം, ജാതി, സാമ്പത്തികസ്ഥിതി എന്നിവ അടിസ്ഥാനപ്പെടുത്തി മനുഷ്യനുമേൽ അധികാരം പ്രയോഗിക്കാനുള്ള സാഹചര്യംമാത്രമാണ് അന്വേഷിക്കുന്നത്. ഈ നാടകം ഒരു സ്ത്രീയുടെ ജീവചരിത്രമല്ല, ചരിത്രപാഠമല്ല; അടിയന്തരാവസ്ഥയുടെ പുനരാവിഷ്‌കാരവുമല്ല. അടിസ്ഥാനപരമായി ഉയർത്തുന്ന ഏക ചോദ്യം–ഭരണകൂടം എപ്പോഴാണ് ജനാധിപത്യത്തിന്റെ രക്ഷാധികാരിയിൽനിന്ന് ജനാധിപത്യത്തിന്റെ ഉടമയായി മാറുന്നത്? ഒരു രാജ്യം എപ്പോഴാണ് പൗരന്മാരുടേതല്ലാതെ ഭരണാധികാരികളുടേതായി പ്രഖ്യാപിക്കപ്പെടുന്നത്? ഈ ചോദ്യത്തിന് ഉത്തരമന്വേഷിക്കുന്ന യാത്രയാണ് ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’.


സ്നേഹലത റെഡ്ഡി ഈ നാടകത്തിലെ നായികയല്ല. അവർ ഒരു വാതിലാണ്. ആ വാതിൽ തുറന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രം ഒരൊറ്റ ശ്വാസമായി നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി, റോണ വിൽസൺ, സഞ്ജീവ് ഭട്ട്, ഖനനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾ, ബുൾഡോസറുകൾക്കുമുന്നിൽ വീടുകൾ നഷ്ടപ്പെട്ട ദളിത് കുടുംബങ്ങൾ, ഭരണഘടന നെഞ്ചോടു ചേർത്ത് ഓടുന്ന ഒരു കുട്ടി... ഇവരുടേതെല്ലാം വ്യത്യസ്ത കഥകളല്ല. ഒരേചരിത്രത്തിന്റെ വിവിധ മുറിവുകളാണ്. ചരിത്രം എപ്പോഴും പഴയ വസ്ത്രം ധരിച്ച് തിരികെ വരില്ല. ഒരു ഭരണകൂടം എപ്പോഴാണ്‌ ജനങ്ങളെ സംരക്ഷിക്കുന്നത് നിർത്തി, ജനങ്ങളിൽനിന്ന് സ്വയം സംരക്ഷിക്കാൻ തുടങ്ങുന്നത്‌? ഇതിനുള്ള ഉത്തരമാണ് ഈ നാടകത്തിന്റെ ശേഷിക്കുന്ന എല്ലാ രംഗങ്ങളും അന്വേഷിക്കുന്നത്.


എല്ലാ നാടകങ്ങളിലും അവസാനരംഗത്ത്‌ തിരശ്ശീല വീഴും; വെളിച്ചം അണയും. പ്രേക്ഷകർ കൈയടിച്ചിട്ടോ അല്ലാതെയോ വീട്ടിലേക്ക് മടങ്ങും. പക്ഷേ ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’ ഈ നാടകഭാഷയെ അംഗീകരിക്കുന്നില്ല. നാടകം അവസാനിക്കേണ്ടത് വേദിയിലല്ല. മനുഷ്യന്റെ മനസ്സിലാണ് അത് ആരംഭിക്കേണ്ടത്. നാടകാന്ത്യമെത്തുന്ന കുഞ്ഞിന്റെ കൈയിൽ ബാക്കിയായിരിക്കുന്നത് ഒരു പുസ്തകം മാത്രം– ഇന്ത്യയുടെ ഭരണഘടന. ആ പുസ്തകം അവൾ നെഞ്ചോടു ചേർത്തുപിടിക്കുന്നു. അവൾ പറയുന്നു– "നിങ്ങളുടെ ബുൾഡോസർ ഇടിച്ചുതകർത്തത് ഞങ്ങളുടെ വീടുമാത്രമല്ല. അതിനടിയിൽ എന്റെ അമ്മയുടെയും അച്ഛന്റെയും രക്തമുണ്ട്. ഞങ്ങളുടെ തലമുറകളുടെ സ്വപ്‌നങ്ങളുണ്ട്.’


അവൾ വീഴുന്നു. ആ നിമിഷം അരങ്ങ് മുഴുവൻ രക്തമാകുന്നു. ആ രക്തത്തിൽനിന്ന് ഒരുകൂട്ടം മനുഷ്യർ എഴുന്നേൽക്കുന്നു. അവർ കഥാപാത്രങ്ങളല്ല; ചരിത്രത്തിന്റെ വ്യത്യസ്ത കാലങ്ങളിൽ കൊല്ലപ്പെട്ടവരുടെ മുഖങ്ങളാണ്. ഒരുവേള പ്രേക്ഷകൻ കരുതുന്നു നാടകം കഴിഞ്ഞെന്ന്‌... അവൻ എഴുന്നേറ്റുപോകാൻ തുടങ്ങുന്നു. അപ്പോൾ യാഥാർഥ്യം വേദിയിലേക്ക് കടന്നുവരുന്നു. ഒരു മനുഷ്യന്റെ ശ്വാസംമുട്ടുന്നിടത്ത്, മറ്റൊരു മനുഷ്യന്റെ ശബ്ദം ആരംഭിക്കണം. അതാണ് "മിസ: ദ ലാസ്റ്റ് ബ്രീത്ത്’. വേറിട്ട അവതരണരീതിയാൽ കേരളത്തിലെ വിവിധ വേദികളിൽ നാടകം ശ്രദ്ധേയമാകുന്നു. 90 മിനിറ്റാണ്‌ നാടകദൈർഘ്യം. നാല്‌ അഭിനേതാക്കൾ 34 കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നു. ബിച്ചൂസ് ചിലങ്കയാണ്‌ നാടകരചനയും സംവിധാനവും. അവതരണം ചിലങ്ക ഫ്ലോട്ടിങ്‌ തിയറ്റർ,- കോഴിക്കോട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home