പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ്

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63)യാണ് സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11വയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
2023 മെയ് 25നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകടന്നാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. കുട്ടിയും അനുജനും വീട്ടിൽ കിടന്നുറങ്ങുന്ന സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്നത്തെ എസ്ഐ ആയിരുന്ന കെ അജിതയാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.











0 comments