Deshabhimani

കെ ഫെനി അടുത്ത മാസം 
വിപണിയിൽ

മലബാർ ഡിസ്റ്റിലറീസിൽ മദ്യ ഉൽപ്പാദനം തുടങ്ങി ; 'മിന്നൽ മാജിക്' വിപണിയിലേക്ക്‌

minnal magic malabar distillaries
വെബ് ഡെസ്ക്

Published on Feb 22, 2026, 12:40 AM | 2 min read


പുതുശേരി (പാലക്കാട്‌)

മലബാർ ഡിസ്റ്റിലറീസിലെ ഇന്ത്യൻ നിർമിത വിദേശമദ്യ യൂണിറ്റ്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സർക്കാരിന്റെ ഡിസ്റ്റിലറി എന്തേ തുറക്കാത്തത്‌ എന്ന്‌ ചോദിച്ചവർക്കുള്ള മറുപടിയാണ്‌ ആറ്‌ മാസത്തിനുള്ളിൽ മലബാർ ഡിസ്റ്റിലറിയിൽ വിദേശമദ്യ ഉൽപ്പാദനം ആരംഭിച്ചതെന്ന്‌ മന്ത്രി പറഞ്ഞു.


എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യംകൊണ്ട് മാത്രമാണ് വിദേശമദ്യ യൂണിറ്റിന്റെ പ്രവർത്തനം വേഗത്തിൽ തുടങ്ങിയത്‌. ചാരായ നിരോധനത്തെ തുടർന്ന് യുഡിഎഫ് സർക്കാർ പൂട്ടിയ ഷുഗർ ഫാക്ടറിയിൽതന്നെ പുതിയ സംരംഭം ആരംഭിക്കുന്നത് പ്രദേശത്തിന്റെ വികസനത്തിന് ഉ‍ൗർജമാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇതരസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നതിൽ പരാതിയില്ലാത്തവർ ഇവിടെ സ്പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നതിനെ എതിർക്കുന്നു. കേരളത്തിൽ സ്പിരിറ്റ് നിർമാണമുണ്ടായാൽ സർക്കാരിന് കോടിക്കണക്കിന് രൂപ വരുമാനവും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭ്യമാക്കാമെന്നും എം ബി രാജേഷ് പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. എംഡിഎൽ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി റിപ്പോർട്ട് അവതരിപ്പിച്ചു. എ പ്രഭാകരൻ എംഎൽഎ സംസാരിച്ചു. എംഡിഎൽ ചെയർപേഴ്സൺ എം ആർ അജിത്കുമാർ സ്വാഗതവും കമ്പനി സെക്രട്ടറി ഇൻ ചാർജ് ആർ രാം ഗണേഷ് നന്ദിയും പറഞ്ഞു.


'മിന്നൽ മാജിക്' വിപണിയിലേക്ക്‌

മേനോൻപാറ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കുന്ന "മിന്നൽ മാജിക്’ ബ്രാൻഡി(എംഎം) വിപണിയിലേക്ക്‌. ഡിസ്റ്റിലറി ഉദ്‌ഘാടനച്ചടങ്ങിൽ ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി പുതിയ ബ്രാൻഡ്‌ പ്രഖ്യാപിച്ചു. വിലകുറഞ്ഞ ബ്രാൻഡായ ജവാനുശേഷം സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന മദ്യമാണിത്. മൂന്ന്‌ ലൈൻ സ്വയം നിയന്ത്രിത ബോട്ടിലിങ് പ്ലാന്റ്‌ സജ്ജമാകുന്നതോടെ ദിവസേന 13,500 കെയ്‌സ് വീതം (1,08,000 ലിറ്റർ) മദ്യം വിപണിയിലിറക്കാനാകും.


അരലിറ്ററിന്റെ ബോട്ടിലിലാണ് മദ്യംവിപണിയിലിറക്കുക. മദ്യോൽപ്പാദനത്തിനുള്ള എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ), വെള്ളം, ബ്ലെൻഡിങ് എന്നിവയ്ക്കായുള്ള ടാങ്കുകൾ പ്ലാന്റിൽ സജ്ജീകരിച്ചു. അരലിറ്റർ മിന്നൽ മാജികിന്‌ 400 രൂപയാണ് വില.

117 ഏക്കറിലാണ്‌ മലബാർ ഡിസ്റ്റിലറി. മദ്യനിർമാണത്തിന്‌ ഇവിടെനിന്നുള്ള മഴവെള്ളം മാത്രം മതിയാകും. ചാരായ നിരോധനത്തെതുടർന്ന്‌ യുഡിഎഫ്‌ സർക്കാർ പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ്‌ മലബാർ ഡിസ്റ്റിലറി എന്ന പേരിൽ വിദേശ മദ്യ ഉൽപ്പാദന യൂണിറ്റായി തുറന്നത്‌.


കെ ഫെനി അടുത്ത മാസം 
വിപണിയിൽ

കേരളത്തിന്റെ കശുമാങ്ങ ഫെനി മാർച്ച്‌ പകുതിയോടെ വിപണിയിലേക്ക്‌. പയ്യാവൂർ സഹകരണ ബാങ്കാണ്‌ കാർഷിക മേഖലയ്‌ക്ക്‌ വലിയ സാധ്യതകൾ തുറക്കുന്ന സംരംഭത്തിന്‌ പിന്നിൽ. 28 ശതമാനം ആൽക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണിസാധ്യതകൾ കശുമാവ്‌ കർഷകർക്ക്‌ വലിയ സാന്പത്തിക നേട്ടമെത്തിക്കും. ‘കെ ഫെ-നി’ നിർമാണത്തിനുള്ള ലൈസൻസ്‌ ബാങ്കിന്‌ ലഭിച്ചു.


പയ്യാവൂർ ആനയടിയിൽ 15 വർഷത്തേക്ക്‌ പാട്ടത്തിനെടുത്ത സ്ഥലത്ത്‌ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്‌. ഫെനി നിർമാണത്തിനുള്ള മൂന്ന്‌ ബോയിലറുകളുടെ നിർമാണവും രണ്ടാഴ്‌ചയ്‌ക്കകം പൂർത്തിയാക്കും. അരലിറ്റർ, ഒരുലിറ്റർ ബോട്ടിലുകളിൽ കേരള ബവറേജസ്‌ കോർപറേഷൻ ഒ‍ൗട്ട്‌ലെറ്റുകളിലൂടെയാണ്‌ ആദ്യഘട്ടത്തിൽ വിപണനം. ബാറുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിൽപനാനുമതി ലഭിച്ചിട്ടില്ല.


കയറ്റുമതി അനുമതി ഉള്ളതിനാൽ കെ ഫെനിക്ക്‌ ആഗോളവിപണിയിൽ വൻ സാധ്യതകളുണ്ട്‌. വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ വിദേശികൾ ഏറ്റവും കൂടുതൽ വാങ്ങുന്നത്‌ ഫെനിയാണ്‌. ആരോഗ്യത്തിന്‌ ഹാനികരമായ കൃത്രിമ രാസവസ്‌തുക്കൾ ഇല്ലെന്നതും ഒ‍ൗഷധഗുണവുമാണ്‌ ഫെ-നിയെ പ്രിയങ്കരമാക്കുന്നത്‌.


കശുവണ്ടിയിൽനിന്നുള്ള ഗോവൻ ഫെനിയുടെ ഗുണനിലവാരമുള്ളതാവും കെ ഫെനി. പാഴാകുന്ന കശുമാങ്ങയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഒരു കിലോ കശുവണ്ടി ശേഖരിക്കുന്പോൾ 11.5 കിലോ കശുമാങ്ങ ലഭിക്കും. 22 കിലോ കശുമാങ്ങയിൽനിന്ന്‌ രാസവസ്‌തുക്കളൊന്നും ചേർക്കാതെ ഒരു ലിറ്റർ ഫെനി ഉൽപ്പാദിപ്പിക്കാം. എട്ട്‌ രൂപ നിരക്കിലാണ്‌ ബാങ്ക്‌ കർഷകരിൽനിന്ന്‌ കശുമാങ്ങ ശേഖരിക്കുക. ദിവസംദിനംപ്രതി ആയിരം ലിറ്റർ ഫെനിയാണ്‌ ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home