കേന്ദ്ര ഫണ്ട് വാങ്ങുന്നതുകൊണ്ട് സർക്കാരിന്റെ നയം മാറില്ല: ശിവൻകുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നുവെന്നതുകൊണ്ട് എൽഡിഎഫ് സർക്കാരിന്റെ വിദ്യഭ്യാസ നയം മാറില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പല ഘട്ടങ്ങളിലായി 1500 കോടി രൂപ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രം അനുവദിക്കുന്നുണ്ട്.
സംസ്ഥാനത്തിന് അവകാശപ്പെട്ട ആ പണം ഉപേക്ഷിക്കണോ എന്നതാണ് പ്രശ്‌നം. കേരളത്തിൽ വിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും ആണ് ഇവിടെ നടപ്പാക്കുന്നത്. എൽഡിഎഫ് സർക്കാർ 5,000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്‌കൂളുകളിൽ ഒരുക്കി. അവിടങ്ങളിൽ പ്രധാനമന്ത്രിയുടെ പേര് വയ്ക്കണം എന്നാണ് പറയുന്നത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിലെങ്ങും അങ്ങിനെയൊരു നിർദേശമില്ല.
വീണാ വിജയന്റെ പേരിൽ രാഷ്‌ട്രീയ ദുഷ്‌ടലാക്കോടു കൂടിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ കേസെടുക്കുന്നത്. അത് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും എതിരായ രാഷ്‌ട്രീയ നീക്കമാണെന്ന് ആർക്കാണ് മനസിലാകാത്തത്. മുഖ്യമന്ത്രിക്ക് പൂർണപിന്തുണയാണ് സിപിഐ എമ്മും എൽഡിഎഫും നൽകുന്നത്. അതിൽ ആരും ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല. മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ അറിയപ്പെടുന്നതിലെന്താണ് പിശകെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.









0 comments