print edition കായികമേഖല വികസനം: ആറ് വിദേശ രാജ്യങ്ങളുമായി കരാർ ഒപ്പിട്ടു- മന്ത്രി അബ്ദുറഹിമാൻ

വി അബ്ദുറഹിമാൻ (File)
തിരുവനന്തപുരം: കായികരംഗത്ത് വിദേശപരിശീലകരുടെ സേവനം ഉറപ്പാക്കുന്നതിന് ആറ് വിദേശരാജ്യങ്ങളുമായി കരാർ ഒപ്പിട്ടതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. 10 വർഷത്തിനുള്ളിൽ 991 കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ ജോലി നൽകാനായി. 2022–-23, 2023-–24, 2024–-25 വർഷങ്ങളിലെ ജി വി രാജ പുരസ്‌കാരം, ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മാധ്യമപുരസ്‌കാരങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പുരസ്‌കാരവിതരണവും ‘വിഷൻ 2031' കായിക സെമിനാർ റിപ്പോർട്ടിന്റെ പ്രകാശനവും മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. മികച്ച സ്‌പോർട്സ് ലേഖകനുള്ള ജി വി രാജ പുരസ്‌കാരം ദേശാഭിമാനി സീനിയർ റിപ്പോർട്ടർ പ്രദീപ് ഗോപാൽ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പി വിഷ്ണുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് യു ഷറഫലി, കൗൺസിലർ ആർ ഹരികുമാർ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, സ്ഥിരംസമിതി അംഗങ്ങളായ കെ സി ലേഖ, രഞ്ജു സുരേഷ്, ജെ എസ് ഗോപൻ, പി ഐ ബാബു തുടങ്ങിയവർ സംസാരിച്ചു.










0 comments