print edition വിവാദങ്ങളുടെ തോഴനായി മന്ത്രി ഷാജി; ഇഞ്ചിക്കൃഷി മുതൽ റേഞ്ച് റോവർ വരെ


പി വി ജീജോ
Published on Sep 22, 2026, 12:36 AM | 1 min read
കോഴിക്കോട്: സുഹൃത്തിന്റെ കോടികൾ വിലമതിക്കുന്ന റേഞ്ച് റോവർ കാറിൽ സഞ്ചരിച്ച് മന്ത്രി കെ എം ഷാജി വിവാദത്തിൽപ്പെട്ടതിൽ മുസ്ലിംലീഗിൽ അമർഷം. സർക്കാരിന്റെയും പാർടിയുടെയും പ്രതിച്ഛായ തകർക്കുകയാണ് ഷാജിയെന്ന് എംഎൽമാരും പറയുന്നു. നേതാക്കൾ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ നീരസം അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഷാജി നൽകിയ വിശദീകരണം അതൃപ്‌തിക്കിടയാക്കി.
തെറ്റായ നയങ്ങൾ അറബിക്കടലിലെറിയുമെന്ന് പറഞ്ഞ നേതാവ് തെറ്റുകളുടെ അറബിക്കടലിൽ മുങ്ങുകയാണെന്ന വിമർശം ലീഗിലും ശക്തം. ഇനിയും ആഡംബര വാഹനങ്ങളിൽ യാത്രചെയ്യുമെന്നുള്ള ഷാജിയുടെ വെല്ലുവിളി നേതാക്കളിൽ പലർക്കും ഇഷ്‌ടപ്പെട്ടിട്ടുമില്ല.
ഇഡി കേസും ഇഞ്ചിക്കൃഷിയും
അനധികൃത സ്വത്തുസന്പാദ്യവുമായി ബന്ധപ്പെട്ട് വിജിലൻസ്, ഇഡി കേസുകൾ മന്ത്രിക്കെതിരെയുണ്ടായി. ലീഗ് നേതാവിന്റെ പരാതിയിൽ അഴീക്കോട് പ്ലസ്‌ടു കോഴ കേസിലാണ് ഇഡി ചോദ്യംചെയ്‌തതും കേസെടുത്തതും. 2022ൽ ഷാജിയുടെ കോഴിക്കോട്ടെ വീട് ഇഡി കണ്ടുകെട്ടി. സുപ്രീം കോടതിവരെ പോയാണ് കേസിൽനിന്ന് തലയൂരിയത്. വരവിൽ കവിഞ്ഞ സ്വത്തിനെക്കുറിച്ചുള്ള ഇഡി അന്വേഷണത്തിൽ ഇഞ്ചിക്കൃഷിയിൽനിന്നുള്ള പണമാണെന്ന വിശദീകരണം പരിഹാസത്തിനിടയാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തി വോട്ട് വാങ്ങിയതിന് ഹൈക്കോടതി ഷാജിയുടെ എംഎൽഎ സ്ഥാനം റദ്ദാക്കിയ സംഭവവുമുണ്ടായി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ പ്രചാരണത്തിലാണ് വർഗീയ കാർഡിറക്കിയതും കോടതി അയോഗ്യനാക്കിയതും. എംഎൽഎയായിരിക്കെ കൊടുവള്ളിയിലെ സ്വർണക്കടത്തുകാരുടെ കാറിലെ യാത്രയും വിവാദമായി. പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്പോൾ പാർടി പ്രവർത്തകരെ നിയമിക്കാനുള്ള നേതൃത്വ ശുപാർശയും ഷാജി സ്വീകരിച്ചില്ല. റേഞ്ച് റോവർ വിവാദശേഷമുള്ള വിദേശയാത്രയും സ്വകാര്യ ആതിഥ്യത്തിലാണെന്ന ചർച്ച സജീവമാണ്. റേഞ്ച് റോവർ നൽകിയ കണ്ണൂരിലെ സുഹൃത്തിന് വിദ്യാഭ്യാസ വകുപ്പുവഴി സഹായം ചെയ്‌തതായും ആരോപണമുണ്ട്.










0 comments