ബാലതാരങ്ങൾക്ക് അവാർഡിന് അർഹമായ സിനിമകൾ ഇത്തവണ വന്നില്ല; നല്ല സിനിമകൾക്കായി സർക്കാർ ഇടപെടും: മന്ത്രി സജി ചെറിയാൻ

സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ കുട്ടികളുടെ സിനിമകൾക്കും ബാലതാരങ്ങൾക്കും വരുംവർഷങ്ങളിൽ പുരസ്കാരം ലഭിക്കുന്നതിന് വേണ്ടി ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ. ഇത്തവണ അവാർഡ് കൊടുക്കാൻ പാകത്തിലുള്ള ബാലതാരങ്ങളുടെ പ്രകടനം കണ്ടില്ലെന്നാണ് പ്രകാശ് രാജ് ചെയർമാനായ ജൂറി വിലയിരുത്തിയത്. കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്. വിഷയം ചർച്ച ചെയ്യാൻ സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. സർക്കാർ സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച പ്രഖ്യാപനമാണ് ജൂറി നടത്തിയത്. ബാലതാരങ്ങൾക്ക് ഇത്തവണ പുരസ്കാരം ഇല്ല എന്ന് പ്രകാശ് രാജ് പ്രഖ്യാപിക്കുമ്പോൾ അത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തോട് വിഷയം സംസാരിച്ചു. നാല് സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. രണ്ടെണ്ണം അവസാനഘട്ടത്തിലെത്തി. എന്നാൽ അവാർഡിന് അർഹമായ തരത്തിൽ ക്രിയാത്മകമായ സിനിമകളൊന്നും കണ്ടെത്താനായില്ല എന്നാണ് ജൂറി വിലയിരുത്തിയത്.
കൂടുതൽ മൂല്യമുള്ള അവതരണമാക്കി സിനിമയെ സിനിമയെ മാറ്റണമെന്നും ജൂറി നിർദേശിച്ചു. കുട്ടികളെ മലയാള സിനിമകളുടെ ഉള്ളടക്കത്തിൽ ഉൾപ്പെടുത്താനും ക്രിയാത്മകമായി ഉയർത്തിക്കൊണ്ടുവരാനും സാധിച്ചില്ലെന്ന വിമർശനവും ജൂറി ഉന്നയിച്ചു. ഇക്കാര്യതതിൽ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തും. എസ് സി, എസ് ടി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും നൽകുന്നതുപോലെ കുട്ടികളുടെയും നല്ല സിനിമകൾക്ക സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.










0 comments