ad
Deshabhimani

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; മണ്ണെണ്ണ സബ്‌സിഡി ഇരട്ടിയാക്കി വർദ്ധിപ്പിച്ചു, ലിറ്ററിന് ഇനി 50 രൂപ ലഭിക്കും

saji cherian
വെബ് ഡെസ്ക്

Published on Mar 11, 2026, 09:52 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങായി മണ്ണെണ്ണ സബ്‌സിഡിയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ലിറ്ററിന് 25 രൂപയായിരുന്ന സബ്‌സിഡി 50 രൂപയായാണ് വർദ്ധിപ്പിച്ചത്. പത്തു വർഷത്തിലേറെയായി മണ്ണെണ്ണ സബ്‌സിഡിയിൽ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം.


മത്സ്യബന്ധനത്തിനായി മത്സ്യഫെഡ് വഴി അനുവദിക്കുന്ന മണ്ണെണ്ണയ്ക്കാണ് ഈ അധിക ആനുകൂല്യം ലഭ്യമാകുക. ജസ്റ്റിസ് (റിട്ട) ജെബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് സർക്കാർ നടപടി. ഇന്ധനവില വർദ്ധനവ് മൂലം പ്രതിസന്ധിയിലായ തീരദേശ മേഖലയെ സഹായിക്കാൻ പ്രത്യേക സബ്‌സിഡി നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.


കഴിഞ്ഞ ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. മണ്ണെണ്ണയുടെ വിപണി വില കുതിച്ചുയരുകയും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.


കേന്ദ്രം മണ്ണെണ്ണ വിഹിതം കുറയ്ക്കുന്നത് തീരദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം വർദ്ധിപ്പിച്ചത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കായി 34.18 കോടി രൂപയുടെ മണ്ണെണ്ണ ഗ്രാന്റ് നേരത്തെ അനുവദിച്ചിരുന്നു.


ഇതിന് പുറമെയാണ് സംസ്ഥാനത്തെ എല്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ഗുണകരമാകുന്ന രീതിയിൽ സബ്‌സിഡി തുക വർദ്ധിപ്പിച്ചത്. തീരദേശത്തിന്റെ സമഗ്ര വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home