ഫ്രാൻസിസ് പാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

വത്തിക്കാൻ സിറ്റി : അന്തരിച്ച അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തിന്റെ ഔദ്യാഗിക പ്രതിനിധി ആയി സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി മന്ത്രി വത്തിക്കാനിൽ എത്തി. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കർദിനാൾ മാർ ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കൊപ്പം എത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തുടരുന്ന മാർപാപ്പയുടെ പൊതുദർശനത്തിന് പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത്. ബുധനാഴ്‌ച രാവിലെ കാസ സാന്താ മാർട്ടയിലെ വസതിയിൽനിന്ന് കർദിനാൾമാരുടെയും സ്വിസ് ഗാർഡുകളുടെയും അകമ്പടിയോടെയാണ് മൃതദേഹം വത്തിക്കാൻ സിറ്റിയിലെ ബസിലിക്കയിലെത്തിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി പതിനായിരങ്ങളാണ് പാപ്പയ്‌ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വത്തിക്കാനിലേക്ക് ഒഴുകുന്നത്.
മാനവികതയും പുരോഗമനവീക്ഷണവും ഉയർത്തി ദരിദ്രരെ ചേർത്തുപിടിച്ച് ജനകീയനായ പാപ്പയുടെ സംസ്‌കാരച്ചടങ്ങുകൾ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലളിതമായാണ് നടത്തുന്നത്. മുൻഗാമികളുടേതിൽനിന്ന് വ്യത്യസ്‌തമായി, ഒറ്റത്തടികൊണ്ടുള്ള സാധാരണപെട്ടിയിൽ ഉയർന്ന പീഠം ഒഴിവാക്കി അൾത്താരയിൽ ഇരിപ്പിടങ്ങൾക്ക് അഭിമുഖമായാണ് മൃതദേഹം പൊതുദർശനത്തിനുവച്ചത്.
പ്രദേശികസമയം വെള്ളി രാത്രി ഏഴുവരെ ഇവിടെ തുടരും. ശനി രാവിലെ പത്തിന് (ഇന്ത്യൻസമയം പകൽ 1.30) ആരംഭിക്കുന്ന അന്തിമോപചാര ചടങ്ങിൽ നിരവധി ലോകനേതാക്കൾ പങ്കെടുക്കും. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലാണ് അടക്കംചെയ്യുക.









0 comments