ad
Deshabhimani

'ആദരവോടെ, ഉള്ളുലയ്ക്കുന്ന വേദനയോടെ വിട'; ഡോ. കെ എൻ പണിക്കറുടെ വിയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു

R Bindu.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 07:48 PM | 1 min read

തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ ഡോ. കെ എൻ പണിക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. തൊണ്ണൂറാം ജന്മദിനത്തിൽ അദ്ദേഹത്തെ ആദരിക്കാനുള്ള കെസിഎച്ച്ആർ തീരുമാനം വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് തിരിച്ചെത്തിയ ഉടനെയാണ് വിയോഗവാർത്ത തേടിയെത്തിയതെന്ന് മന്ത്രി ഉള്ളുലയ്ക്കുന്ന വേദനയോടെ കുറിച്ചു.


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ചരിത്ര ഗവേഷണ രംഗത്തിനും കെ എൻ പണിക്കർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് മന്ത്രി അനുസ്മരിച്ചു. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (കെസിഎച്ച്ആർ) നിലനിൽപ്പിനായി അഹോരാത്രം പ്രവർത്തിച്ച ധൈഷണികനായിരുന്നു അദ്ദേഹം.


യുഡിഎഫ് സർക്കാർ കൗൺസിൽ പിരിച്ചുവിട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ മുൻപന്തിയിൽ നിന്നതും ആദ്യ ചെയർപേഴ്സൺ എന്ന നിലയിൽ മുസിരിസ് ഉദ്ഖനനം ഉൾപ്പെടെ വിജയമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നും മന്ത്രി പറഞ്ഞു. ആധുനികതയുടെ ചരിത്രകാരനെന്നും വർത്തമാനത്തിന്റെ ചരിത്രകാരനെന്നും അദ്ദേഹത്തെ വിശേഷിപ്പിച്ച മന്ത്രി, ചരിത്രപരമായ ഭൗതികവാദത്തെ സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ വികസിപ്പിച്ച രീതിയെ പ്രകീർത്തിച്ചു.


പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെയും മലബാർ പ്രക്ഷോഭങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ എന്നും വഴികാട്ടിയായിരിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തെ സൂക്ഷ്മ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായാണ് അദ്ദേഹം നിലകൊണ്ടത്.


വരാനിരിക്കുന്ന തൊണ്ണൂറാം ജന്മദിനം അന്താരാഷ്ട്ര ചരിത്ര സംഭവമായി ആഘോഷിക്കാനിരിക്കെയാണ് ആ വിടവാങ്ങലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 'യാത്രാമൊഴി പ്രിയ സഖാവേ' എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി തന്റെ അനുശോചനം അവസാനിപ്പിച്ചത്. ഇരുൾ വീഴുന്ന കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ മനസ്സിൽ അദ്ദേഹം ചിരഞ്ജീവിയായി നിലകൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home