നീങ്ങുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം; സീപോർട്ട്– എയർപോർട്ട് റോഡ് സന്ദർശിച്ച് മന്ത്രി പി രാജീവ്

നിർമാണം പുനരാരംഭിച്ച സീപോർട്ട്– എയർപോർട്ട് റോഡ് മന്ത്രി പി രാജീവ് സന്ദർശിച്ചപ്പോൾ
കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റി നിർമാണം പുനരാരംഭിച്ച സീപോർട്ട് - എയർപോർട്ട് റോഡിന്റെ പ്രവർത്തനങ്ങൾ മന്ത്രി പി രാജീവ് നേരിട്ടെത്തി വിലയിരുത്തി. കളമശേരിയിലെ എച്ച്എംടി ഭൂമിയിലെ നിർമാണ മേഖലയിലാണ് മന്ത്രി സന്ദർശിച്ചത്. എച്ച്എംടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്.
ഇരുമ്പനംമുതൽ നെടുമ്പാശേരിവരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് സീപോർട്ട്- എയർപോർട്ട് റോഡ്. ഇതിൽ ഇരുമ്പനം– കളമശേരി ഭാഗത്തുള്ള 11.3 കിലോമീറ്ററിൽ 2003-ൽ പൂർത്തിയായി. കളമശേരി–എയർപോർട്ട് വരെയുള്ള 14.3 കിലോമീറ്ററിലാണ് തടസ്സങ്ങളുണ്ടായിരുന്നത്. പദ്ധതിയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനാകും.
തുടർച്ചയായ ഇടപെടലുകളിലൂടെയാണ് എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചത്. പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയത്. എച്ച്എംടി ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും എൻഎഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തത്.
റോഡ് നിർമാണത്തിൽ എച്ച്എംടിമുതൽ എൻഎഡിവരെയുള്ള ഭാഗത്തിനാണ് എച്ച്എംടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് 5ൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമി ഇതിനായി കൈമാറി. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37.90 കോടി രൂപ സുപ്രീംകോടതി നിർദേശപ്രകാരം നേരത്തേ ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചിരുന്നു. എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻഎഡി തൊരപ്പ് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് അനുവദിച്ചത്.
എച്ച്എംടി–എൻഎഡി ഭാഗത്തെ റോഡ് നിർമാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു.











0 comments