300 ഏക്കറിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം; നാലുലക്ഷംപേർക്ക് തൊഴിൽ ലഭ്യമാകും: പി രാജീവ്

കൊച്ചി: കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിൽ ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നുവെന്ന് പി രാജീവ്. എഫ്ബി കുറിപ്പിലാണ് വിവരം പങ്കുവെച്ചത്. മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ജിസിഡിഎയും ഇൻഫോപാർക്കും ഒപ്പുവെക്കുമെന്നും മന്ത്രി അറിയിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
"300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നാളെ ജിസിഡിഎയും ഇൻഫോപാർക്കും ഒപ്പുവെക്കും. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ഭൂമി പൂൾ ചെയ്യാൻ ജിസിഡിഎ ശ്രമിക്കും.
ലാന്റ് പൂളിങ്ങ് ആയതിനാൽ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിനായി ഭൂവുടമകൾ സമ്മതം നൽകിയാൽ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകും. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും. തുടർന്ന് പൂൾ ചെയ്തയിടത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂവുടമകൾക്ക് നൽകും. ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിലൂടെ 25,000 കോടി രൂപയുടെ നിക്ഷേപവും രണ്ടുലക്ഷംപേർക്ക് പ്രത്യക്ഷത്തിലും നാലുലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും."








0 comments