ആഴക്കടൽ മണൽ ഖനനം: കേരളം മൂന്ന് തവണ എതിർപ്പ് അറിയിച്ചു-മന്ത്രി പി രാജീവ്

P Rajeev
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഓഫ് ഷോർ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ട് നടത്തുന്ന നീക്കത്തിനെതിരെ കേരളം ശക്തമായ എതിർപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നെന്ന് വ്യവസായ മന്ത്രി പി രാജീവ്. മൂന്നു തവണ സർക്കാർ പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 11ന് കൊച്ചി കേന്ദ്ര മൈനിംഗ് മന്ത്രാലയം ആദ്യമായി നടത്തിയ റോഡ് ഷോയിൽ തന്നെ കേരളത്തിൻ്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് കേന്ദ്ര മൈൻസ് സെക്രട്ടറി കാന്തറാവു മുൻപാകെ ഇതേക്കുറിച്ചുള്ള സംസ്ഥാന നിലപാട് അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ജനുവരി 19നു ഒറീസയിലെ ഭുവനേശ്വറിൽ നടന്ന അറുപത്തിനാലാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ കേന്ദ്ര ഖനി സെക്രട്ടറിയായ കാന്തറാവു ഐഎഎസ് തന്നെ കേരളത്തിന് ഇക്കാര്യത്തിൽ ഉത്കണ്ഠയുള്ളതായി യോഗത്തെ അറിയിച്ചു. ഫെബ്രുവരി 13ന് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ധാതു പര്യവേഷണത്തിനും ഖനനത്തിനുമുളള ലേല നടപടികൾ ആരംഭിക്കാവൂ എന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിന് വീണ്ടും കത്ത് നൽകിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാർത്താക്കുറിപ്പ്:
കേന്ദ്ര സർക്കാർ ഓഫ് ഷോർ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ട് നടത്തുന്ന നീക്കത്തിനെതിരെ കേരളം ശക്തമായ എതിർപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നെന്ന് വ്യവസായ മന്ത്രി പി രാജീവ്. 2025 ജനുവരി 11ന് കൊച്ചി റിനായ് ഹോട്ടലിൽ വച്ച് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മൈനിംഗ് മന്ത്രാലയം ആദ്യമായി നടത്തിയ റോഡ് ഷോയിൽ തന്നെ കേരളത്തിൻ്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതാണ്. പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് കേന്ദ്ര മൈൻസ് സെക്രട്ടറി കാന്തറാവു മുൻപാകെ ഇതേക്കുറിച്ചുള്ള സംസ്ഥാന നിലപാട് അറിയിച്ചിരുന്നു.
ഇക്കാര്യത്തിലെ സംസ്ഥാനത്തിന്റെ നയപരമായ നിലപാടും നിലവിലെ ആശങ്കയും കേന്ദ്ര മന്ത്രാലയത്തെ അറിയിക്കുകയും ഓഫ്ഷോർ മിനറൽ ഡ്രെഡ്‌ജിങ് ഉയർത്താവുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വിവിധ വിഷയങ്ങളെ പരിഗണിച്ച് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ജനുവരി 19നു ഒറീസയിലെ ഭുവനേശ്വറിൽ നടന്ന അറുപത്തിനാലാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ കേന്ദ്ര ഖനി സെക്രട്ടറിയായ കാന്തറാവു ഐഎഎസ് തന്നെ കേരളത്തിന് ഇക്കാര്യത്തിൽ ഉത്കണ്ഠയുള്ളതായി യോഗത്തെ അറിയിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയോട് ഓഫ്ഷോർ മൈനിങ് സംബന്ധിച്ച പാരിസ്ഥിതിക വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 13ന് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ധാതു പര്യവേഷണത്തിനും ഖനനത്തിനുമുളള ലേല നടപടികൾ ആരംഭിക്കാവൂ എന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിന് വീണ്ടും കത്ത് നൽകി.
കേന്ദ്ര നിയമമായ “The Mines and Minerals (Development and Regulation) Act – 1957 ലെ സെക്ഷൻ 4 (n) പ്രകാരം 2002 ൽ തന്നെ കേന്ദ്ര സർക്കാർ “The Offshore Mineral (Development and Regulation) Act 2002” കൊണ്ടുവന്നു. അതിന്റെ അടിസ്ഥാനത്തിൽ OAMD Rules-2006 എന്ന റൂൾസ് 15.01.2010 ൽ നിലവിൽ വന്നു. ആഴക്കടൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുന്നതിന്റെയും ലേലസംവിധാനം കൊണ്ടുവരുന്നതിന്റെയും ഭാഗമായി 2022 ൽ കേന്ദ്രസർക്കാർ The Offshore areas minerals (Development and Regulation) Amendment Act-ന്റെ കരട് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അയച്ചുതന്നു. ഇക്കാര്യം വകുപ്പ് വിശദമായി പരിശോധിച്ചിരുന്നു.
രാജ്യത്തിന് 7517 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന തനതായ ഒരു ആഴക്കടൽ ധാതുസമ്പത്ത് ഉണ്ട്. അതിൽ ഒമ്പത് തീരദേശ സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണപ്രദേശങ്ങളും 1382 ദ്വീപുകളും ഉൾപ്പെടുന്നു. രാജ്യത്തിന്റെ ആഴക്കടൽ ഭാഗത്ത് Exclusive Economic Zone (EEZ) ൽ 2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഭാഗത്ത് (ഖനനം ചെയ്ത് എടുക്കാവുന്ന രീതിയിൽ) സവിശേഷതയുള്ള ധാതുസമ്പത്തുകളായ Crude Oil, natural gas, Construction grade sand, heavy minerals, lime mud, Poly metallic nodules പോലുള്ളവയുടെ ശേഖരം ഉണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ധാതുസാധ്യതകളെ കുറിച്ച് പഠിക്കുന്ന സ്ഥാപനമായ Geological Survey of India (GSI), Atomic Mineral Directorate (AMD) National Institute for Oceanography (NIO) മുതലായ സ്ഥാപനങ്ങളാണ് ഇത്തരത്തിൽ ആഴക്കടലിലെ ധാതുസമ്പത്തിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളത്.ഇതിന്റെ ഭാഗമായാണ് കേരള തീരത്ത് 3 ബ്ലോക്കുകളിലായി 79 ദശലക്ഷം (Million) ടൺ കൺസ്ട്രക്ഷൻ ഗ്രേഡ് സാൻഡ് കണ്ടെത്തിയിട്ടുള്ളത്.
2002-ൽ OAMDR വന്നതിനുശേഷം അംഗീകരിച്ച സർക്കാർ സ്ഥാപനങ്ങൾ അല്ലാത്ത എല്ലാവർക്കും ധാതുപര്യവേഷണം നടത്തുന്നതിനും ഖനനം നടത്തുന്നതിനും ആക്ടിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മാത്രമേ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2023 ലെ ഭേദഗതി വന്നതിനുശേഷം താഴെ പറയുന്ന വിഷയങ്ങളിൽ മാറ്റം വന്നു.
1.കേന്ദ്രസർക്കാർ അംഗീകരിക്കുന്ന സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് ആഴക്കടലിൽ ധാതുപര്യവേഷണം നടത്താൻ സാധിക്കും. [5(2) proviso]
2.ആഴക്കടൽ ധാതുക്കളുടെ പര്യവേഷണത്തിനും ഖനനത്തിനും രണ്ടായി അനുമതി നൽകിയിരുന്നത് ഒരു അനുമതിയായി ഒന്നിച്ച് നൽകുന്നു.[5(1)]
3.ഇത്തരത്തിൽ തയ്യാറാക്കുന്ന പര്യവേഷണ റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ (GSI), ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് (IBM), അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് (AMD) എന്നീ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനു പകരം അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി എന്ന് കൊണ്ടുവന്നു. [5(2]
4.അറ്റോമിക് മിനറലുകളുടെ വിഷയത്തിൽ ത്രെഷോൾഡ് വാല്യൂ കുറഞ്ഞവ സ്വകാര്യ മേഖലയ്ക്ക് ആഴക്കടലിൽ ഖനനം നടത്താം എന്ന് വ്യവസ്ഥ കൊണ്ടുവന്നു. [6]
5.മുൻപ് അനുവദിച്ചിരുന്ന പര്യവേഷണ അനുമതികളോ ഖനനാനുമതികളോ പ്രവർത്തിക്കാതിരിക്കുകയോ തുടരാതെ ഇരിക്കുകയോ ചെയ്താൽ അവ റദ്ദുചെയ്യപ്പെടും. [7(3]
6.ആഴക്കടൽ ഖനനം ബാധിക്കുന്ന തീരദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള OAMT ഫണ്ട് (ഓഫ്ഷോർ അറ്റോമിക് മിനറൽ ട്രസ്റ്റ്) വാങ്ങുന്നതിനും അത് ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അധികാരവും അവകാശവും റൂളിൽ പറയുന്നില്ല. അയത് പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണ്.
7.ആഴക്കടലിലെ ധാതുപര്യവേഷണത്തിനുള്ള അനുമതിയും (3 വർഷം വരെ [Section 12(3)] ധാതുഖനനത്തിനുള്ള അനുമതിയും (50 വർഷം) വരെ
ഒന്നിച്ച് (Composite licence) [Section 13(3)]
2023-ലെ OAMDR–ഭേദഗതി വന്നതിലൂടെ ആഴക്കടലിലെ ധാതുപര്യവേഷം പൂർണ്ണമായി സ്വകാര്യ മേഖലയ്ക്ക് തന്നെ കൊടുക്കുന്ന സ്ഥിതിവിശേഷം ആണ് ഉണ്ടായിട്ടുള്ളത്. മുൻപ് ധാതുപര്യവേഷണവും ഖനനവും രണ്ടായി നൽകിയിരുന്നതും ആയത് GSIപോലുള്ള സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും ആയിരുന്നു. അത് പൂർണ്ണമായി നിർത്തലാക്കി. ആയതിലൂടെ ധാതുപര്യവേഷണത്തിലെ റിപ്പോർട്ടുകളുടെ ആധികാരികത ഉറപ്പിക്കാൻ സാധിക്കാതെ വരുന്നു. ആയത് അറ്റോമിക് മിനറലുകളുടെ ത്രെഷോൾഡ് വാല്യൂവിന്റെ വിഷയത്തിൽ പോലും ബാധകമാണ്. OAMT ഫണ്ടിന്റെ ഉപയോഗത്തിൽ ഖനനം നടക്കുന്ന തീരദേശത്തെ സംസ്ഥാനങ്ങളുടെ യാതൊരു സുരക്ഷയും അവകാശവും സംരക്ഷിക്കാത ആണ് ചട്ടഭേദഗതി വരുത്തിയിട്ടുള്ളത്. കേന്ദ്ര/സംസ്ഥാന വർക്കുകളുടെ യാതൊരു പഠനവും കൂടാതെ ധാതുപര്യവേഷണം ഉൾപ്പെടെയുള്ള ഖനനം സ്വകാര്യ മേഖലയ്ക്ക് 50 വർഷത്തേക്ക് തുറന്നുകൊടുക്കുന്നത് വലിയ പാരിസ്ഥിതിക/സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെടുന്നു.
ആക്ടിന്റെ ഭേദഗതിയിൽ കാണപ്പെട്ട പ്രകടമായ ന്യൂനത അതിൽ പാരിസ്ഥിതികമായ ഒരു തലത്തിനെയും അത് പരിഗണിക്കുന്നില്ല എന്നുള്ളതാണ്. ഓഫ്ഷോർ ധാതുക്കളുടെ നിക്ഷേപവും സമുദ്രാന്തർഭാഗത്തെ ജീവികളുടെ അതിലോലമായ ആവാസവ്യവസ്ഥയും ഒരു സഹവർത്തിത്വത്തിൽ സ്ഥിതിചെയ്യുന്നതാണ്. ധാതുഖനനത്തിലൂടെ ആവാസവ്യവസ്ഥയ്ക്കും തനതു മൽസ്യസമ്പത്തിനും എപ്രകാരം ആഘാതമുണ്ടാകുമെന്നുള്ളത് കൃത്യമായി സംബോധന ചെയ്യേണ്ടതാണ്. മുൻപ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയിരുന്നു ഓഫ്ഷോർ പര്യവേഷണങ്ങളും ഖനനവും നടന്നുവന്നിരുന്നത്. എന്നാൽ 2023ലെ ചട്ടഭേദഗതിയിൽ [സെക്ഷൻ 5(2)] ഈ അധികാരം നീക്കം ചെയ്തിട്ടുള്ളതാണ്. ആയതും വിരൽചൂണ്ടുന്നത് സ്വകാര്യ മേഖലയുടെ സ്വാധീനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിഭവചൂഷണത്തിലേക്കാണ്.










0 comments