കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാംഗത്തിന് താൽക്കാലിക ജോലി

കടുവ കൊലപ്പെടുത്തിയ തറാട്ട് മീൻമുട്ടി രാധ
മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട് മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന് 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന് താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. പ്രദേശത്ത് ആർആർടി സംഘത്തെ വിന്യസിക്കാനും തീരുമാനിച്ചു. നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.
വെള്ളി രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന് സമീപം വനാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കടുവ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന് നൂറ് മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനം വാച്ചർ അച്ചപ്പന്റെ ഭാര്യയാണ്. വനമേഖലയിൽ മാവോയിസ്‌റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട് സേനയാണ് മൃതദേഹം കണ്ടത്. കാപ്പി പറിക്കാൻ രാധയെ വീട്ടിൽനിന്ന് അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനരികിൽ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.
വിവരം അറിഞ്ഞയുടൻ മന്ത്രി ഒ ആർ കേളുവും ഉന്നതവനപാലകരും സ്ഥലത്തെത്തി മൃതദേഹം വനത്തിൽനിന്ന് എടുത്ത് പ്രിയദർശിനി എസ്‌റ്റേറ്റ് ബംഗ്ലാവിൽ എത്തിച്ചു. ഇവിടെനിന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുകൊണ്ടുപോകുന്നത് നാട്ടുകർ തടഞ്ഞു. കടുവയെ വെടിവച്ചുകൊല്ലണമെന്നും കുടുംബത്തിന് സഹായവും പ്രദേശവാസികൾക്ക് സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.









0 comments