മന്ത്രി ഒ ആർ കേളു രാധയുടെ വീട്ടിലെത്തി; അടിയന്തരസഹായമായി 5 ലക്ഷം രൂപ കൈമാറി

Minister OR Kelu Radha's house
വെബ് ഡെസ്ക്

Published on Jan 24, 2025, 07:27 PM | 1 min read

മാനന്തവാടി: കടുവ കൊലപ്പെടുത്തിയ മാനന്തവാടി നഗരസഭയിലെ തറാട്ട്‌ മീൻമുട്ടി രാധ(46)യുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി മന്ത്രി ഒ ആർ കേളു അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രിയും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. കുടുംബത്തിന് 11 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ അഞ്ച് ലക്ഷമാണ് അടിയന്തര സഹായമായി കൈമാറിയത്.


പഞ്ചാരകൊല്ലിയിൽ തറാട്ട് ഉന്നതിയിലെ രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമായ ഒന്നാണെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. രാധയുടെ വിയോഗത്തിന് പകരമാകില്ല ഒന്നും എന്നറിയാമെങ്കിലും സഹായം നൽകേണ്ടത് സർക്കാർ ഉത്തരവാദിത്വം തന്നെയാണ്. കടുവയെ വെടി വെച്ച് കൊല്ലുന്നതും, കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വയനാട് ജില്ലയിൽ വന്യമൃഗ ശല്യ പ്രതിരോധത്തിനായി ദ്രുതഗതിയിലുള്ള പദ്ധതി പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.


വെള്ളി രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന്‌ സമീപം വനതാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോകുന്നതിനിടെയാണ് രാധയെ കടുവ ആക്രമിച്ചത്. കടുവ പിടിച്ച്‌ വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന്‌ നൂറ്‌ മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനമേഖലയിൽ മാവോയിസ്‌റ്റ്‌ നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട്‌ സേന രാവിലെ ഒമ്പതോടെയാണ്‌ മൃതദേഹം കണ്ടത്‌. കാപ്പി പറിക്കാൻ രാധയെ വീട്ടിൽനിന്ന്‌ അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനരികിൽ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.


പകൽ രണ്ടരയോടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. പ്രദേശത്ത്‌ കുടവയ്‌ക്കായി കൂട്‌ സ്ഥാപിച്ചു. നൂറോളം വരുന്ന വനപാലക സംഘം തിരച്ചിൽ ആരംഭിച്ചു. ഡ്രോൺ പരിശോധനയും തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home