ഒമ്പത് ലക്ഷം അപേക്ഷകൾ ഒറ്റ മണിക്കൂറിൽ തീർപ്പാക്കി; പഴയ കാലത്തുനിന്ന് ബസ് കിട്ടാത്തവർ വിശ്വസിക്കില്ല: എം ബി രാജേഷ്

തിരുവനന്തപുരം: കെ സ്മാർട്ടിലൂടെ സമർപ്പിച്ച 9,14,004 അപേക്ഷകകളിൽ ഒരു മണിക്കൂറിനുള്ളിൽതന്നെ ആവശ്യമായ പരിശോധനകൾ നടത്തി ജനങ്ങൾക്ക് സേവനം നൽകാനായതെന്നും കൂടുതൽ ഞെട്ടാൻ താൽപ്പര്യമുള്ളവർക്ക് കെ സ്മാർട്ട് പോർട്ടലിൽ കയറി നോക്കാവുന്നതാണെന്നും മന്ത്രി എം ബി രാജേഷ്.
ഒമ്പത് ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കുകയോ? അവർക്ക് ഇത് വിശ്വസിക്കാനേയാവുന്നില്ല. കാരണം അവർ ഇപ്പോഴും പഴയ കാലത്തുനിന്ന് ബസ് കിട്ടാതെ സ്റ്റോപ്പിൽ കുടുങ്ങിയവരാണ്. ഫയൽ അട്ടിയട്ടിയായി മേശപ്പുറത്ത് വെച്ച ആ പഴയ കാലം മാറിയ കാര്യം ഇനിയെങ്കിലും തിരിച്ചറിയൂ. ട്രോളുകളിൽ പറയുന്നത് പോലെ ‘കൂട്ടിയിട്ട് കത്തിക്കാൻ’ ഫയലുകൾ ഇന്ന് പേപ്പറിലല്ല, കമ്പ്യൂട്ടറിലാണ് എന്നെങ്കിലും മനസിലാക്കുകയും വേണം. ഫെയ്സ്ബുക്കിൽ നിന്ന് ഇറങ്ങി നാട്ടിലെ പഞ്ചായത്ത് ഓഫീസ് വഴിയൊന്ന് പോയിനോക്കിയാൽ ഈ സംശയങ്ങളെല്ലാം മാറിയേനെ - മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
'സ്വയം ട്രോളുകയാണെന്ന് ഇവരറിയുന്നില്ലല്ലോ, ഇവരോട് പൊറുക്കേണമേ' എന്നതോടെയാണ് കുറിപ്പിന്റെ തുടക്കം. ദുബായിൽ ഇരിക്കുന്ന ഭർത്താവിനും കൊച്ചിയിൽ ഇരിക്കുന്ന ഭാര്യയ്ക്കും, പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോവാതെ വീഡിയോ കെവൈസി വഴി ഇന്ന് വിവാഹം രജിസ്റ്റർ ചെയ്യാനാവുന്നുണ്ട്. സാക്ഷികൾക്ക് ഒടിപി വഴി വിവാഹം നടന്നത് സാക്ഷ്യപ്പെടുത്താം. ഒരു സാധാരണ വീട് നിർമ്മിക്കണോ, പെർമ്മിറ്റിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട. നിയമാനുസൃതം അപേക്ഷ സമർപ്പിച്ചാൽ സോഫ്റ്റ്വെയർ തന്നെ ഒരു മിനുട്ടിനകം ഇന്ന് പെർമിറ്റ് നൽകുന്നു, ഇതുപയോഗിച്ച് നിർമ്മാണം തുടങ്ങാം. തദ്ദേശ സ്ഥാപനങ്ങളിലെ ഏത് സേവനവും ലോകത്തെവിടെയിരുന്നും വിരൽതുമ്പിൽ സ്വന്തമാക്കാമെന്നത് ലക്ഷക്കണക്കിന് മനുഷ്യർ ഉപയോഗിക്കുന്ന യാഥാർഥ്യമാണ്, അവരുടെ അനുഭവമാണെന്നും നാടിന് കുതിപ്പേകുന്ന പദ്ധതിയെ ആക്ഷേപിക്കുന്നവർക്ക് മന്ത്രി മറുപടി നൽകി.
ട്രോളുന്ന യുഡിഎഫ് അണികൾക്ക് അവരുടെ നേതാക്കളായ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരോട് ചോദിച്ചാൽ ഇക്കാര്യം ബോധ്യമാവും, അവരുടെ ലോഗിനിലും കാണാനാവും കെ സ്മാർട്ട് തുറന്നിടുന്ന ഈ അനന്ത സാധ്യതകൾ. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കെ സ്മാർട്ടിനെക്കുറിച്ച് പഠിക്കാനും ഈ മാതൃക പകർത്താനും കേരളത്തിലേക്ക് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.










0 comments