print edition റേഞ്ച് റോവർ നൽകിയതിന്റെ പ്രത്യുപകാരം; വ്യവസായിയെ ഹയർ സെക്കൻഡറി സ്‌കൂൾ ഭരണസമിതിയിലെത്തിക്കാൻ മന്ത്രി ഷാജി

മട്ടന്നൂർ (കണ്ണൂർ): മന്ത്രി കെ എം ഷാജിക്ക് റേഞ്ച് റോവർ ആഡംബര കാറടക്കം എല്ലാ സൗകര്യങ്ങളും സൗജന്യമായി നൽകുന്ന റിയാദിലെ വ്യവസായി കാവുമ്പടി സ്വദേശി വി യാക്കൂബിനെ എയ്‌ഡഡ് ഹയർസെക്കൻഡറി സ്‌കൂൾ ഭരണസമിതിയിലെത്തിച്ച് പ്രത്യുപകാരം ചെയ്യാൻ നീക്കം.
ഇതിനായി തില്ലങ്കേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവുമ്പടി സി എച്ച് മുഹമ്മദ്കോയ സ്‌മാരക എഡ്യൂക്കേഷണൽ ഡെലവപ്‌മെന്റ് കമ്മിറ്റിയും ഇതിന്റെ കീഴിലുള്ള ഹയർസെക്കൻഡറി സ്കൂളും പിടിച്ചെടുക്കാൻ ഷാജിയുടെ ഒത്താശയിൽ മുസ്ലിംലീഗിലെ സന്പന്നവിഭാഗം രംഗത്തെത്തി. ഷാജിയുടെ ഇഷ്ടക്കാരനായ യാക്കൂബിനെ ഇതിലൂടെ പൊതുരംഗത്ത് എത്തിക്കാമെന്നാണ് കണക്കുകൂട്ടൽ.
എഡ്യൂക്കേഷണൽ ഡെലവപ്‌മെന്റ് കമ്മിറ്റിയിലേക്ക് ലീഗ് ജില്ലാ നേതൃത്വം നിർദേശിച്ച കമ്മിറ്റിയെ അട്ടിമറിച്ച് പുതിയ 22 പേരെ ഉൾപ്പെടുത്താനാണ് സമ്മർദം. ഇതിനായി ജനറൽബോഡി 26ന് വിളിച്ചുചേർക്കാൻ പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിരിക്കുകയാണ്.
ഷാജിയുടെ സമ്മർദമാണ് ഇതിനുപിന്നിൽ. എയ്‌ഡഡ് സ്‌കൂളായതിനാൽ കോഴ വാങ്ങിയുള്ള അധ്യാപക നിയമനത്തിലും കണ്ണുണ്ട്. ഷാജിക്ക് ആഡംബര കാറടക്കം എല്ലാ സൗകര്യങ്ങളും കുറേക്കാലമായി സൗജന്യമായി നൽകുന്നതിന്റെ പ്രത്യുപകാരമായാണ് ഇൗ നീക്കമെന്ന് ഒരുവിഭാഗം ലീഗ് പ്രവർത്തകർതന്നെ ആരോപിക്കുന്നു.
ഒരാഴ്ച മുമ്പാണ് എഡ്യൂക്കേഷണൽ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ 2026-–29 വർഷത്തെ ഭാരവാഹികളെ തെരഞ്ഞടുത്തത്. ലീഗ് ജില്ലാ നേതാവ് അൻസാരി തില്ലങ്കേരി പ്രസിഡന്റും ടി മജീദ് ജനറൽ സെക്രട്ടറി കം മാനേജരുമാണ്. ഇതിനെതിരെ ഷാജിപക്ഷക്കാരനായ പി കെ കുട്ട്യാലി നൽകിയ പരാതിയിലാണ് പൊതുവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ. പി കെ കുട്ട്യാലി, വ്യവസായി വി യാക്കൂബ് എന്നിവർ ഉൾപ്പെടെ 22 പേരെയും ജനറൽബോഡിയിലേക്ക് വിളിക്കണമെന്നാണ് നിർദേശം.
1991ലാണ് എഡ്യൂക്കേഷണൽ ഡെലവപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചത്. 1995ൽ സ്കൂളും തുടങ്ങി. 32 പേരാണ് അംഗങ്ങൾ. ഇവർക്കുപുറമെ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നിവരും അംഗങ്ങളാണ്. ചില അംഗങ്ങൾ മരിച്ചപ്പോൾ അവരുടെ അവകാശികളെ ഉൾപ്പെടുത്തി. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
ഫയലുകൾ പരിശോധിച്ച് വേണ്ടതുചെയ്യണമെന്ന് അന്നത്തെ എൽഡിഎഫ് സർക്കാരിന് കോടതി നിർദേശം നൽകി. 32 പേരാണ് യഥാർഥ കമ്മിറ്റി അംഗങ്ങളെന്ന് കണ്ടെത്തിയ സർക്കാർ ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പിന് അംഗീകാരം നൽകിയിരുന്നു. തന്റെ പാർശ്വവർത്തിയായ യാക്കൂബിനെ ഇറക്കി കോടതിവിധിതന്നെ അട്ടിമറിക്കാനാണ് ഇപ്പോൾ കെ എം ഷാജി ശ്രമിക്കുന്നത്.









0 comments