ad
Deshabhimani

ഇതാ ആ 'വിള്ളൽ' പോയി; മാധ്യമങ്ങളുടെ നുണപ്രചാരണം കയ്യോടെ പൊളിച്ച് മന്ത്രി

K RAJAN MUNDAKKAI TOWNSHIP HOUSE CRACK

ടൗൺഷിപ്പിലെ വീടിന്റെ സീലിങിൽ പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഭാ​ഗം മന്ത്രി കെ രാജൻ മായ്ച്ചുകളയുന്നു

വെബ് ഡെസ്ക്

Published on Apr 18, 2026, 12:42 PM | 2 min read

കൽപ്പറ്റ: മുണ്ടക്കൈ ടൗൺഷിപ്പിലെ വീടുകളുടെ പേരിൽ മാധ്യമങ്ങൾ നടത്തിയ നുണപ്രചാരണം കയ്യോടെ പൊളിച്ച് മന്ത്രി കെ രാജൻ. വിള്ളൽ വീണുവെന്ന് മാധ്യമങ്ങൾ വ്യാജവാർത്ത ചമച്ച വീട്ടിലെത്തി മന്ത്രി പരിശോധന നടത്തി. ​ഗുണനിലവാര പരിശോധന നടത്തവെ നേരിയ നനവ് കണ്ട ഭാ​ഗത്ത് ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പെൻസിൽകൊണ്ട് വരച്ചതിനെയാണ് കഴിഞ്ഞദിവസം മാധ്യമങ്ങൾ വിള്ളൽ ആയി അവതരിപ്പിച്ചത്. ഈ പെൻസിൽ വര മാധ്യമങ്ങളുടെ മുന്നിൽവെച്ച് മന്ത്രി തന്നെ മായ്ച്ചുകാണിച്ചു.





ഒരു അടിസ്ഥാനവുമില്ലാത്ത വാർത്തകൾ നൽകി തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണ വീട് പണിയുന്നത് പോലെയുള്ള നടപടിക്രമങ്ങളല്ല ടൗൺഷിപ്പിലെ വീടുകൾ നിർമിക്കുമ്പോൾ ചെയ്യുന്നത്. 58 ഘട്ട ​ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. ​ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും. എന്നിട്ടും അപൂർവമായി ചിലയിടത്ത് നനവ് ഉണ്ടാകും. പരിശോധനയിൽ നേരിയ നനവ് ഒരു വീട്ടിൽ കണ്ടെത്തിയപ്പോൾ അവിടെ പെൻസിൽകൊണ്ട് അടയാളപ്പെടുത്തി. ആ വീട്ടിൽ വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി പരിശോധിക്കും. എല്ലാ വീടുകളിലും ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാട്ടർ പ്രൂഫിങ് നടത്തും. അതിന് മുകളിലായി സ്‌ക്രീഡിങ് കോൺക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടും.


വീട് നൽകുന്നതിന് മുൻപ് ഊരാളുങ്കൽ മാത്രമായും പിന്നീട് കിഫ്കോണുമായി ചേർന്നും സംയുക്ത പരിശോധന നടത്തും. അതിന് ശേഷം വീട്ടുടമസ്ഥരും ഊരാളുങ്കലും കിഫ്കോണും പരിശോധന നടത്തും. വീട് കൈമാറിക്കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് ഏതെങ്കിലും വിധത്തിലുള്ള അപാകതകൾ ഉണ്ടായാൽ ഊരാളുങ്കൽ സൊസൈറ്റി അത് പരിഹരിക്കും. അത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഓരോ വീടിന്റെ പേരിലുള്ള ഊരാളുങ്കലിന്റെ തുക സർക്കാർ പിടിച്ചുവെക്കും. അത്രയും ഉത്തരവാദിത്തത്തോടെയാണ് വീടുകളുടെ നിർമാണം സർക്കാർ ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദുരന്തബാധിതരുടെ ദിവസവേതനവും കൂപ്പൺവിതരണവും സമ്പൂർണമായും നിലച്ചു എന്ന് വാർത്തയും തെറ്റിധരിപ്പിക്കുന്നതാണ്. 9,000 രൂപ വീതം ഒരു കുടുംബത്തിലെ രണ്ടാൾക്ക് നൽകുന്ന തുക ഇന്ന് വൈകുന്നേരത്തോടെ പൂർണമായും എത്തും. ജൂൺമാസം വരെയുള്ള ദിനബത്ത നൽകുന്നതിന് ജനുവരി 18ന് തന്നെ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സാമ്പത്തിക വർഷമായതിനാലും തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉണ്ടായതിനാലുമാണ് ഏപ്രിൽ മാസം തുക എത്തുന്നതിൽ കാലതാമസം വന്നത്. ഇതിൽ സർക്കാരിന്റെ ഭാ​ഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ല. കഴിഞ്ഞ 20 മാസവും ഒരുമുടക്കവുമില്ലാതെ വാടകയും ദിനബത്തയും കൂപ്പണും സർക്കാർ നൽകി. ഇന്ത്യയിൽ മറ്റൊരിടത്തും ഒരു ദുരന്തമുണ്ടായതന് ശേഷം ഇത്രയും കാലം കൃത്യമായി ധനസഹായം നൽകിയിട്ടുണ്ടാകില്ല.


ഭക്ഷ്യക്കൂപ്പണുകൾ നൽകിയിട്ടില്ലെന്ന വാർത്തയും തെറ്റാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുൻപേതന്നെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഭക്ഷ്യക്കൂപ്പണുകൾ അടിച്ച് നൽകിയിട്ടുണ്ട്. എല്ലാവർക്കും കൂപ്പണുകൾ കിട്ടിയിട്ടുണ്ടോ എന്നത് ജില്ലാ ഭരണകൂടം ഉറപ്പാക്കും.


ടൗൺഷിപ്പിലെ റോഡുകളുടെ നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് ഊരാളുങ്കൽ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home