പാൽ ഉൽപ്പാദനക്ഷമതയിൽ കേരളം ഒന്നാമതാകും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും പാൽ ഉൽപ്പാദനക്ഷമതയിൽ ഒന്നാമതെത്താൻ കേരളത്തിന് സാധിക്കുമെന്നും ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. രണ്ടാമതുള്ള കേരളത്തിന് ഒന്നാമതുള്ള പഞ്ചാബിനൊപ്പം എത്താനാകും.
ദേശീയ ക്ഷീരവി കസന ബോർഡും മിൽമയും ചേർന്ന് 'സഹകരണത്തിലൂടെ സമൃദ്ധി വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
ദേശീയ ക്ഷീരവികസന ബോർഡിന്റെ പദ്ധതികൾ സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ്. പാൽ ഉൽപ്പാദന ച്ചെലവ് കുറയ്ക്കാനുള്ള പദ്ധതികളിലൂടെയും ഉൽപ്പാദനക്ഷമത വർധിപ്പിച്ചും സ്വയംപര്യാപ്‌തത കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ മിൽമ ചെയർമാൻ കെ എസ് മണി, എം ഡി ആസിഫ് കെ യൂസഫ്, ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് ഷാ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ തിരുവനന്തപുരം യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ്, എറണാകുളം യൂണിയൻ ചെയർമാൻ സി എൻ വത്സലൻപിള്ള, എൻ ഡിഡിബി എക്സിക്യൂട്ടീവ് ഡയറക്ടർ എസ് രാജീവ്, കേരള ബാങ്ക് സി ഇഒ ജോർട്ടി എം ചാക്കോ, എൻ ഡിഡിബി സിനിയർ ജനറൽ മാ നേജർ വി ശ്രീധർ തുടങ്ങിയവരും സംസാരിച്ചു.
കേരളത്തിലെ ധവളവിപ്ലവത്തിന് നേതൃത്വം വഹിച്ച സഹകരണപ്രസ്ഥാനങ്ങളെ ദേശീയ ക്ഷീരവികസന ബോർഡിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു. മികച്ച ക്ഷീരകർഷകർക്കും കൃത്രിമ ബീജാധാന പ്രവർത്തകർക്കും ക്ഷീര സഹകരണ സംഘങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.









0 comments