ad
Deshabhimani

ട്രോളിനെ വ്യാജവാർത്തയാക്കി മന്ത്രി ബിന്ദു കൃഷ്ണ; 'ബിര്‍ണാണി' ട്രോളിൽ പരാതി നൽകി

shanku bindu troll
വെബ് ഡെസ്ക്

Published on Jun 04, 2026, 08:33 PM | 1 min read

കൊല്ലം : അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ 'ബിര്‍ണാണി ശങ്കു'വിന്റെ പേരിലുള്ള ട്രോൾ വ്യാജവാർത്തയാണെന്നുപറഞ്ഞ് പരാതി നൽകി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫ്. ‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അംഗണവാടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു’ എന്ന ട്രോളാണ് വ്യാജവാർത്തയാണെന്നു പറഞ്ഞ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് ബി ത്രിദീപ് കുമാർ പരാതി നൽകിയത്. മന്ത്രിയുടെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നെന്നുകാണിച്ച് ഡിജിപിക്കാണ് പരാതി നൽകിയത്.


അങ്കണവാടിയിൽ ബിരിയാണി നൽകണമെന്നു പറഞ്ഞുള്ള വീഡിയോയിലൂടെ വൈറലായ ശങ്കു കോൺ​ഗ്രസ് നേതാവിന്റെ കൊച്ചുമകനാണെന്ന് ബിന്ദു കൃഷ്ണ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ‘കൊല്ലം ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമോനാണ് ബിരിയാണി ചോദിച്ച കുട്ടി’ എന്നാണ്‌ മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞത്. ഇതിന്‌ പിന്നാലെ മന്ത്രിയെ തിരുത്തി ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിൽ ശങ്കുവിന്റെ വീഡിയോ വന്നിരുന്നു. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ. ഇത്രേ ഉള്ളൂ കാര്യം- എന്നായിരുന്നു ശങ്കുവിന്റെ വീഡിയോ. വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മന്ത്രി ബിന്ദു കൃഷ്ണയ്ക്കെതിരെയും ട്രോളുകൾ വ്യാപകമായിരുന്നു. ഇതിൽ ഏറെ വൈറലായ ട്രോൾ ആയിരുന്നു ശങ്കുവിനെ അംഗണവാടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു എന്നത്. എന്നാൽ ട്രോളിനെ വ്യാജവാർത്തയാക്കി ചിത്രീകരിച്ച് പരാതി നൽകുകയാണ് മന്ത്രി. ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നാണ് പരാതിയിലെ ആവശ്യം.


മുന്പ്‌ അങ്കണവാടിയിൽ ഉപ്പുമാവിന്‌ പകരം ‘ബിർണാണിം പൊരിച്ച കോഴിയും’ ചോദിച്ച ശങ്കുവിന്റെ വീഡിയോ കണ്ട്‌ അന്നത്തെ മന്ത്രി വീണാ ജോർജ് ഇടപെട്ട്‌ ഭക്ഷണമെനു പുതുക്കി. അങ്കണവാടികൾക്ക്‌ അനുവദിച്ച പണവും പോഷകബാല്യം പദ്ധതിയിൽ ലഭിക്കുന്ന മുട്ടയും ഉപയോഗിച്ച്‌ ഭക്ഷണം തയ്യാറാക്കാനാണ്‌ നിർദേശിച്ചത്‌. ജീവനക്കാർ അധികബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും വ്യക്തമാക്കി. മികച്ചരീതിയിൽ പദ്ധതി മുന്നോട്ടുപോകുമ്പോഴാണ്‌ ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന വാദവുമായി മന്ത്രി ബിന്ദു കൃഷ്‌ണയെത്തിയത്‌. അങ്കണവാടിയിൽ ബിരിയാണി അടക്കമുള്ളവ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ പറയുന്നതിനിടെയാണ് ശങ്കു കോൺ​ഗ്രസ് നേതാവിന്റെ കൊച്ചുമകനാണെന്നും മന്ത്രി പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home