print edition വിൽപ്പനയിൽ മുന്നേറ്റം: മിൽമ യൂണിയനുകളുടെ വിറ്റുവരവ് 2560 കോടി

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 2560 കോടി രൂപയുടെ വിറ്റുവരവുമായി മിൽമ. മൂന്ന് മേഖല യൂണിയനുകളുടെ വിറ്റുവരവ് 2329 കോടി രൂപയാണ്. ഫെഡറേഷനുകീഴിലുള്ള ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ 230.84 കോടി രൂപയുമാണ് സമാഹരിച്ചത്. 2025–-26 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ മിൽമയുടെ വിറ്റുവരവ് 2224 കോടി രൂപയായിരുന്നു.
തിരുവനന്തപുരം മേഖല യൂണിയന്റെ വിറ്റുവരവ് 746 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ 635 കോടി രൂപയും. എറണാകുളം മേഖലയിലെ വിറ്റുവരവ് മുൻവർഷത്തെ 516 കോടിയിൽനിന്ന് 571 കോടി രൂപയായും മലബാർ മേഖലാ യൂണിയന്റെ വിറ്റുവരവ് 855 കോടി രൂപയിൽനിന്ന് 1012 കോടി രൂപയായും ഉയർന്നു. ടിആർസിഎംപിയു 589.8 കോടി രൂപയുടെയും ഇആർസിഎംപിയു 444.64 കോടി രൂപയുടെയും എംആർസിഎംപിയു 712.22 കോടി രൂപയുടെയും വിറ്റുവരവും പാൽവിറ്റുവരവ് കൈവരിച്ചു.
പാലിതര ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മേഖല യൂണിയനുകൾ കുതിച്ചു. ടിആർസിഎംപിയു 156.41 കോടി, ഇആർസിഎംപിയു 126.40 കോടി, എംആർസിഎംപിയു 299.4 കോടി രൂപ എന്നിങ്ങനെയാണ് വിറ്റുവരവ്. മിൽമയ്ക്ക് വിപണിയിലുള്ള അംഗീകാരം വിളിച്ചോതുന്നതാണ് നേട്ടമെന്ന് ചെയർമാൻ കെ എസ് മണി പറഞ്ഞു.
മിൽമ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്താക്കൾ നൽകിയ അംഗീകാരവും വിശ്വാസവുമാണ് വിറ്റുവരവിലുള്ള വളർച്ച ചൂണ്ടിക്കാട്ടുന്നത്. കർഷകരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി പാലുൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ മിൽമ ഫെഡറേഷനും മേഖല യൂണിയനുകളും സ്വീകരിച്ച നടപടികൾ ക്ഷീരകർഷകർക്ക് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.









0 comments