പാൽ ഉൽപ്പാദനക്ഷമതയിൽ കേരളം ഒന്നാമതാകും: ക്ഷീരവികസനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം പാല്‍ ഉൽപ്പാദനം വര്‍ധിപ്പിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും പാല്‍ ഉൽപ്പാദനക്ഷമതയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് സാധിക്കുമെന്നും ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. രണ്ടാമതുള്ള കേരളത്തിന് ഒന്നാമതുള്ള പഞ്ചാബിനൊപ്പം എത്താനാകും. ദേശീയ ക്ഷീരവികസന ബോര്‍ഡും മില്‍മയും ചേർന്ന് ‘സഹകരണത്തിലൂടെ സമൃദ്ധി' വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പദ്ധതികള്‍ സംസ്ഥാനത്തെ ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ്. പാല്‍ ഉൽപ്പാദനച്ചെലവ് കുറയ്ക്കാനുള്ള പദ്ധതികളിലൂടെയും ഉൽപ്പാദനക്ഷമത വര്‍ധിപ്പിച്ചും സ്വയംപര്യാപ്തത കൈവരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ മില്‍മ ചെയര്‍മാന്‍ കെ എസ് മണി, എംഡി ആസിഫ് കെ യൂസഫ്, ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ തിരുവനന്തപുരം യൂണിയന്‍ ചെയര്‍പേഴ്‌സൺ മണി വിശ്വനാഥ്, എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ സി എന്‍ വത്സലന്‍പിള്ള, എന്‍ഡിഡിബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രാജീവ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ, എന്‍ഡിഡിബി സീനിയര്‍ ജനറല്‍ മാനേജര്‍ വി ശ്രീധര്‍ തുടങ്ങിയവരും സംസാരിച്ചു. കേരളത്തിലെ ധവളവിപ്ലവത്തിന് നേതൃത്വം വഹിച്ച സഹകരണപ്രസ്ഥാനങ്ങളെ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു. മികച്ച ക്ഷീരകര്‍ഷകര്‍ക്കും കൃത്രിമ ബീജാധാന പ്രവര്‍ത്തകര്‍ക്കും ക്ഷീര സഹകരണ സംഘങ്ങള്‍ക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.










0 comments